UDF

2011, ജൂലൈ 20, ബുധനാഴ്‌ച

ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് വിശേഷങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രത്യേക റിപ്പോര്‍ട്ട്

Image'വെബ് ക്യാമറ സുതാര്യത ഉറപ്പാക്കുന്നു'
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് വിശേഷങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കും വാര്‍ത്തയാകുന്നു.
ഓഫീസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങള്‍ വെബ് കാസ്റ്റിംഗിലൂടെ പുറം ലോകത്തെത്തെത്തിച്ച മുഖ്യമന്ത്രിയുടെ നടപടിയെ പ്രകീര്‍ത്തിച്ച് പ്രമുഖ അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഭിമുഖവും ചിത്രവും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  അഴിമതിക്കെതിരെ നടപടിയെടുക്കുന്നതിന് മുന്‍പ് അതിനുള്ള അന്തരീക്ഷം ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് ന്യൂയോര്‍ക്ക് ടൈംസുമായുള്ള അഭിമുഖത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. രണ്ടു ലക്ഷത്തിലധികം പേര്‍ ഇതിനോടകം www.keralacm.gov.in എന്ന സൈറ്റ് സന്ദര്‍ശിച്ചതായും ലേഖനത്തില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെബ് ക്യാമറ സ്ഥാപിച്ച ബാംഗ്ലൂരിലെ സ്ഥാപനത്തിന്റെ മേധാവിയുടെ അഭിമുഖവും ക്യാമറയുടെ പ്രവര്‍ത്തന രീതികളും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെലികോം അഴിമതിയും, കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതിക്കഥകളും പുറത്തു വരുന്ന സമയത്താണ് കേരള മുഖ്യമന്ത്രി ഓഫീസില്‍ ക്യാമറ സ്ഥാപിച്ച് വ്യത്യസ്തനാകുന്നതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. മുന്‍പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഈ സംവിധാനം നടപ്പിലാക്കിയതായും എന്നാല്‍, ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ക്യാമറകള്‍ എടുത്ത് മാറ്റിയതായും ലേഖനത്തില്‍ പറയുന്നു. രാജ്യത്ത് മറ്റുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചതിനെക്കുറിച്ചും ലേഖനത്തില്‍ വിവരണമുണ്ട്. ബാംഗ്ലൂര്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ ക്യാമറകള്‍ സ്ഥാപിച്ചതിനെക്കുറിച്ചും അതിന്റെ ഗുണങ്ങളും പ്രധാന ഉദ്യോഗസ്ഥനായ പി മണിവര്‍ണന്‍ ലേഖനത്തില്‍ വിശദീകരിക്കുന്നു. മുംബൈ ലേഖകനായ വികാസ് ബജാജാണ് ലേഖനം എഴുതിയിരിക്കുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെക്കുറിച്ചും ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കിയിരുന്നു.