UDF

2011, ഡിസംബർ 1, വ്യാഴാഴ്‌ച

കടല്‍മണല്‍ ഖനനം പഠനത്തിനുശേഷം മാത്രം മതി - മുഖ്യമന്ത്രി

തിരുവനന്തപുരം: കടല്‍മണല്‍ ഖനനം സംബന്ധിച്ച് വിശദവും ശാസ്ത്രീയവുമായ പഠനത്തിനുശേഷം മാത്രമേ തീരുമാനമെടുക്കൂയെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ധീവരസഭാ നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

മത്സ്യത്തൊഴിലാളി മേഖലകളില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉപദേശക സമിതികള്‍ രൂപവത്കരിക്കും. ദേശീയ ജലപാതയുടെ പേരില്‍ നീക്കംചെയ്യപ്പെട്ട ഊന്നിവലകള്‍ക്കും ചീനവലകള്‍ക്കും 16 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

1986ല്‍ കരുണാകരന്‍ മന്ത്രിസഭ ധീവരസമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍ പിന്നീട് വന്ന നായനാര്‍ മന്ത്രിസഭയിലെ ഒരു മന്ത്രി ഈ തീരുമാനം റദ്ദാക്കിയെന്നുകാട്ടി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. എന്നാല്‍ ഒരു മന്ത്രിസഭാ തീരുമാനം റദ്ദാക്കാന്‍ ഒരു മന്ത്രിക്ക് മാത്രമായി കഴിയില്ല. മറ്റൊരു മന്ത്രിസഭാ തീരുമാനത്തിലൂടെയേ അത് കഴിയൂ. അതിനാല്‍ 1986-ലെ കരുണാകരന്‍ മന്ത്രിസഭയുടെ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന നിലപാട് സ്വീകരിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്ന് ധീവരസംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കി.

സമ്പാദ്യ-ആശ്വാസ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നതില്‍ എ.പി.എല്‍, ബി.പി.എല്‍. വേര്‍തിരിവ് ഒഴിവാക്കണമെന്ന ധീവരസഭയുടെ ആവശ്യം ചര്‍ച്ചയില്‍ അംഗീകരിച്ചു.

മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ ആര്യാടന്‍മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, എ.പി.അനില്‍കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.