UDF

2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

വീടുകളിലെ ബയോഗ്യാസ് പ്ലാന്റിന് പകുതി തുക സര്‍ക്കാര്‍ ഗ്രാന്റ് -മുഖ്യമന്ത്രി

തിരുവനന്തപുരം: വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നേരിട്ട് അമ്പതു ശതമാനം ഗ്രാന്റ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്റെ പന്ത്രണ്ടാം പദ്ധതി നയരേഖയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബയോഗ്യാസ് പദ്ധതിയുടെ 25 ശതമാനമാണ് ഗുണഭോക്താവ് വഹിക്കേണ്ടത്. ബാക്കി 25 ശതമാനം തദ്ദേശസ്ഥാപനങ്ങള്‍ നല്‍കും. പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതിക്ക് 75 ശതമാനം തുക (പരമാവധി 35 ലക്ഷം രൂപ) സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. ബാക്കി തുക തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കണം. ഈ വര്‍ഷം ഫണ്ട് കണ്ടെത്താനായില്ലെങ്കില്‍ തുക സര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പില്‍ സാങ്കേതിക സമിതികള്‍ തീര്‍ക്കുന്ന പ്രതിബന്ധം ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ സഹായിക്കും. ആശ്രയ പദ്ധതിക്ക് അഖിലേന്ത്യാതലത്തില്‍ അംഗീകാരം നേടാന്‍ സംസ്ഥാനം ശ്രമിച്ചുവരുകയാണ്. പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ച് ഒരാഴ്ചക്കകം ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമീപനരേഖയുടെ ആദ്യപ്രതി മന്ത്രി കെ.സി. ജോസഫ് ഏറ്റുവാങ്ങി.