UDF

2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ബി.പി.എല്‍ മാനദണ്ഡം പുനര്‍ നിര്‍ണയിക്കണം: ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: ദാരിദ്രരേഖാ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയ വികസനസമിതി യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്.

നിലവിലുള്ള കേന്ദ്രത്തിന്റെ ബി.പി.എല്‍ യോഗ്യതാ മാനദണ്ഡം അംഗീകരിക്കാന്‍ കഴിയുന്നതല്ല. ദരിദ്രരായ കൂടുതല്‍ പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ മാനദണ്ഡം മാറ്റി. ഉടന്‍ ബി.പി.എല്‍ ലിസ്റ്റ് തയാറാക്കാനുള്ള സാഹചര്യം ഒരുക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി വേഗത്തിലാക്കാന്‍ കൂടുതല്‍ കേന്ദ്ര സഹായവും ആവശ്യപ്പെട്ടു. ചെന്നൈ, ഡല്‍ഹി മോഡലില്‍ കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്രവുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പദ്ധതിക്ക് ഉടന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം വേണം. ആരോഗ്യരംഗത്ത് മരുന്നുകള്‍ ന്യായവിലക്കു ലഭ്യമാക്കുന്ന പദ്ധതിക്കു കേന്ദ്രസഹായം നല്‍കണമെന്നും ദേശീയതലത്തില്‍ വ്യാപിപ്പിക്കണം. ദേശീയ മരുന്നു നയം പ്രഖ്യാപിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. യോഗ ശേഷം ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദുമായി മുഖ്യമന്ത്രി പ്രത്യേക ചര്‍ച്ചയും നടത്തി. പദ്ധതിക്ക് കേന്ദ്ര സഹായം നല്‍കാമെന്ന് ഉറപ്പു നല്‍കിയ കേന്ദ്രമന്ത്രി ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ കേരളത്തിലെത്തുമെന്നും അറിയിച്ചു.

വിദേശരാജ്യങ്ങളിലെ തൊഴിലാളി ക്യാമ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പ്രത്യേക ഊന്നല്‍ നല്‍കണം. കേന്ദ്ര പൂളില്‍ നിന്നും കൂടുതല്‍ വൈദ്യുതി നല്‍കണതാണ് മുഖ്യമന്ത്രി യോഗത്തില്‍ ഉന്നയിച്ച മറ്റൊരു ആവശ്യം. കൃഷി നഷ്ടത്തില്‍ നിന്നും വിലയിടിവില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്രം റിസ്‌ക്ക് മാനേജ്‌മെന്‍ഫ് ഫണ്ട് രൂപീകരിക്കണം. കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണം. പ്രകൃതിക്ഷോഭമൂലമുള്ള വിള നഷ്ടത്തിന് അതിന്റെ ഉത്പാദനച്ചെലവ് കണക്കാക്കി നഷ്ടപരിഹാരം നല്‍കണം. കര്‍ഷകര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നടപ്പാക്കണം. തെങ്ങു പുനരുധാരണ കൃഷിക്കു നല്‍കിവരുന്ന ധനസഹായം വര്‍ദ്ധിപ്പിക്കണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ കൃഷിയും ജീവിതവുമായി ബന്ധപ്പെട്ട 42 മേഖലകളെക്കൂടി ഉള്‍പ്പെടുത്തണം. കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പുകളില്‍ സംസ്ഥാനത്തിന് കൂടുതല്‍ അധികാരം നല്‍കണം. ഗ്രാമപഞ്ചായത്തുകള്‍ക്ക് പദ്ധതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഫണ്ടു ലഭിക്കുന്നത്. എന്നാല്‍ ഈ ഫണ്ടുകളില്‍ 25 ശതമാനം പഞ്ചായത്തുകള്‍ക്ക് നേരിട്ട് ചെലവഴിക്കാവുന്ന തരത്തില്‍ നല്‍കണം. കേരളത്തില്‍ നിരാലംബ കുടുംബങ്ങളെ ദത്തെടുക്കുന്ന ആശ്രയ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കണം. ഖരമാലിന്യ സംസ്‌കരണത്തിന് കേന്ദ്രം സഹായം നല്‍കണം.

സംസ്ഥാനങ്ങള്‍ക്ക് അധിക വരുമാന സമാഹരണത്തിനായി ചരക്കുസേവന നികുതി ഉടന്‍ നടപ്പിലാക്കണം. ദുര്‍ബല വിഭാഗങ്ങളായ ന്യൂനപക്ഷങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്കു പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ പ്രത്യേക ഊന്നല്‍ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വഗതം ചെയ്ത മുഖ്യമന്ത്രി ഇതൊടൊപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.