UDF

2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

ബാലകൃഷ്ണപിള്ള ജയില്‍ചട്ടം ലംഘിച്ചെന്ന് ഉമ്മന്‍ചാണ്ടി




തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ഫോണ്‍വിളി നടത്തിയതിലൂടെ ജയില്‍നിയമത്തിന്റെ 81-ാം വകുപ്പ് 27-ാം ഉപവകുപ്പ് ലംഘിച്ചതായി കണ്ടെത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഇതില്‍ ലഘുവായ ശിക്ഷയേ നല്‍കാന്‍ കഴിയൂ. നാലു ദിവസം കൂടി പിള്ളയുടെ തടവ് ദീര്‍ഘിപ്പിച്ചതായി രാജുഎബ്രഹാമിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി.

ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഇതുവരെ 75 ദിവസത്തെ പരോള്‍ ലഭിച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നതും പരോളില്‍ കഴിഞ്ഞതും കണക്കാക്കാതെ 69 ദിവസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ശിക്ഷാവിധിയുടെ ആദ്യകാലത്തുതന്നെ അനുവദനീയമായ പരോള്‍ നല്‍കിക്കഴിഞ്ഞു.

വാളകത്ത് സ്‌കൂള്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസവും അതിനടുത്ത ദിവസങ്ങളിലും ആര്‍.ബാലകൃഷ്ണപിള്ളയുടെ സ്വന്തം ഫോണില്‍നിന്നും ആസ്​പത്രിയിലെ ലാന്‍ഡ്‌ഫോണില്‍നിന്നും അദ്ദേഹത്തിന്റെ ബന്ധത്തില്‍പെട്ടവരെയും ഭാരവാഹികളെയും മറ്റുപലരേയും വിളിച്ചതായി ശ്രദ്ധയില്‍പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എന്നാല്‍ ആരുടെയെല്ലാം ഫോണില്‍ എത്ര തവണ വിളിച്ചുവെന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. തടവില്‍ കഴിയുന്ന പിള്ളയെ മന്ത്രിമാരായ കെ.ബി.ഗണേഷ്‌കുമാറും ടി.എം.ജേക്കബ്ബും സന്ദര്‍ശിച്ചിട്ടുണ്ട്. ബാലകൃഷ്ണപിള്ളയ്ക്ക് ഒമ്പത് രോഗങ്ങളുണ്ട്. ഹെമറ്റോ കൊമാറ്റോസിസ് രോഗം ചികിത്സിക്കാന്‍ പര്യാപ്തമായ സംവിധാനം മെഡിക്കല്‍കോളേജിലില്ല. മെഡിക്കല്‍കോളേജില്‍ ഇതിന്റെ ഒ.പി. മാത്രമാണുള്ളത്. അതിനാലാണ് അദ്ദേഹത്തെ സ്വകാര്യ ആസ്​പത്രിയിലാക്കിയത്. ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ല. ഇതിന് മുമ്പ് ആര്‍ക്കും ഈ രോഗം കണ്ടുപിടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.