UDF

2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

വി.സി യെ മാറ്റിയത് നിയമവിധേയമായി - മുഖ്യമന്ത്രി

വി.സി യെ മാറ്റിയത് നിയമവിധേയമായി - മുഖ്യമന്ത്രി



തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാല വൈസ്ചാന്‍സലര്‍ ബി.അശോകിനെ മാറ്റിയത് ഭരണപരമായ കാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ഇതൊരു സാങ്കേതികമായ കാര്യം മാത്രമല്ലെന്നും യൂണിവേഴ്‌സിറ്റിയുടെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് വി.സി യെ മാറ്റിയതെന്നും ആരോപിച്ച പ്രതിപക്ഷം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ചു.

നിയമവിരുദ്ധമായിട്ടല്ല, നിയമവിധേയമായിട്ടാണ് വി.സി യെ നീക്കിയത്. യൂണിവേഴ്‌സിറ്റി നിയമമനുസരിച്ച് നാലുപേരടങ്ങുന്ന വിദഗ്ദ്ധസമിതി നിര്‍ദേശിക്കുന്ന ഒരാളെയാണ് വി.സി. യായി നിയമിക്കേണ്ടത്. എന്നാല്‍ ആദ്യ വൈസ് ചാന്‍സലറെ അങ്ങനെ നിയമിക്കണമെന്നില്ല. അവിടെ സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ച് ഗവര്‍ണര്‍ നിയമിക്കുകയാണ് . ഇവിടെ സര്‍ക്കാര്‍ അശോകിന്റെ സേവനം വിട്ടുകൊടുത്തു, അതനുസരിച്ചു നിയമിച്ചു. അതുപോലെ തിരിച്ചെടുക്കുകയും ചെയ്തു - മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ലേഖനത്തിന്റെ പേരിലല്ല സേവനം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അശോകിന്റെ ലേഖനം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അതിന്റെ പേരിലല്ല തിരിച്ചുവിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആണവനിലയം സംബന്ധിച്ച് ലേഖനം എഴുതിയതിന്റെ പേരില്‍ അനര്‍ട്ട് ഡയറക്ടറായിരുന്ന ആര്‍.വി.ജി. മേനോനെയും യൂണിവേഴ്‌സിറ്റി നിയമം ഭേദഗതി ചെയ്ത് കാര്‍ഷിക സര്‍വകലാശാലാ വി.സി യായിരുന്ന എ.എം. മൈക്കിളിനെയും നീക്കം ചെയ്തതും ഇടതുസര്‍ക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.