UDF

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

നിയമം നടപ്പാക്കുന്നതിലെ കാലതാമസം ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നം

കൊച്ചി: നിയമങ്ങള്‍ നടപ്പാക്കുന്നതിലെ പരാജയവും കാലതാമസവും ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായി മാറിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമങ്ങളില്ലാത്തതല്ല അത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതു പരിഹരിക്കാന്‍ കോടതികളിലേക്ക് പോകുന്ന കേസുകളുടെ എണ്ണം കുറച്ച് ചെറിയ തര്‍ക്കങ്ങള്‍ക്കും മറ്റും ജനപ്രതിനിധികളുടെ മധ്യസ്ഥതയില്‍ പരിഹാരം കാണണം.

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെയും ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച നിയമസാക്ഷരതാ ശില്‍പ്പശാല ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലതാമസം കൂടാതെ തന്നെ ജനങ്ങള്‍ക്ക് നീതി ലഭ്യമാകുന്നതിലൂടെ സമൂഹത്തില്‍ വളരെയേറെ ഗുണകരമായ മാറ്റമാണുണ്ടാകുക. പരാതിയുമായെത്തുന്ന ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ ക്ഷമാപൂര്‍വം കേട്ട് ശ്രദ്ധയോടെ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം. കോടതി മുറികളില്‍ നിന്ന് മാറി ജനങ്ങള്‍ക്കിടയിലേക്കിറങ്ങി നീതി ലഭ്യമാക്കുന്നതിനുള്ള അതോറിട്ടിയുടെ പ്രയത്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാനും ആക്ടിങ്ങ് ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.