UDF

2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

തടവുകാരുടെ തീവ്രവാദബന്ധം കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജയിലിലെ തടവുകാരുടെ തീവ്രവാദബന്ധവും ഫോണ്‍വിളിയും സംബന്ധിച്ച അന്വേഷണത്തിന് വേണ്ടിവന്നാല്‍ എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. അന്താരാഷ്ട്ര കോളുകള്‍ വരെ ജയിലില്‍ നിന്ന് പിടിച്ച ഫോണുപയോഗിച്ച് വിളിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന റെയ്ഡില്‍ 29 ഫോണുകളാണ് പിടിച്ചത്. ഇവയില്‍നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 3000 - ഓളം കോളുകളാണ് വിളിച്ചിരിക്കുന്നത്. വിശദമായ പരിശോധന ഇക്കാര്യത്തില്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിലാണ് ഈകാര്യങ്ങള്‍ പറഞ്ഞിരിക്കുന്നതെന്ന് മഖ്യമന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തിനിടയില്‍ ജയിലുകളില്‍ നിന്ന് 120 ഫോണുകള്‍ പിടിച്ചു. ഇതില്‍ അവസാനം പിടിച്ച 29 ഫോണുകളിലെ വിശദാംശം പരിശോധിച്ചപ്പോള്‍ തന്നെ 3000 കോളുകള്‍ വിളിച്ചതായി കണ്ടു. ഇവ ജയിലുകളില്‍ നിന്നുതന്നെ വിളിച്ചതാണോയെന്ന് പരിശോധിക്കണം. ഫോണുകള്‍ ഇടയ്ക്ക് മാറിയിരിക്കാനുള്ള സാധ്യതയുമുണ്ട് - മഖ്യമന്ത്രി പറഞ്ഞു.

ജയിലുകളില്‍ ദേഹപരിശോധന നടത്തുന്നത് പ്രതിപക്ഷകക്ഷി നേതാക്കള്‍ തന്നെ തടസപ്പെടുത്തിയ സംഭവങ്ങള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2007-ല്‍ കോടതിയില്‍പ്പോയിവന്ന തടവുകാരനെ പരിശോധിച്ചപ്പോള്‍ അയാള്‍ അതില്‍ പ്രതിഷേധിച്ച് നഗ്‌നനായി നിന്നു. ഒരുന്നത സി.പി.എം നേതാവ് ജയിലിലെത്തി ബഹളംവെച്ചതിനെ തുടര്‍ന്ന് മൂന്നുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു സമയം ദേഹപരിശോധന നടത്തിയതിനും സി.പി.എം നേതാവ് വന്ന് ബഹളംവെച്ചു. അപ്പോഴും ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലായി. താന്‍ അധികാരത്തില്‍ വന്നശേഷം സമാനമായ സംഭവത്തില്‍ ഒരു സി.പി.എം എം.എല്‍.എ വന്നാണ് ജയിലില്‍ പ്രശ്‌നമുണ്ടാക്കിയത്. അപ്പോഴും രണ്ടുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. തന്റെ മനസാക്ഷിക്ക് വിരുദ്ധമായാണ് ആ തീരുമാനം എടുത്തത്. എന്നാല്‍ പിറ്റേന്നു തന്നെ അവരെ തിരിച്ചെടുത്തു.

ജയിലില്‍ ജാമര്‍ വച്ചെങ്കിലും അത് തടവുകാരനായ ഒരു ബി.ടെക്കുകാരനാണ് നശിപ്പിച്ചത്. ഒരോദിവസവും ലഭിക്കുന്ന ഉപ്പ് സൂക്ഷിച്ചു വെച്ച് ജാമറില്‍ വെച്ചാണത് കേടാക്കിയത്. രണ്ടാഴ്ചയിലൊരിക്കല്‍ ജയിലില്‍ റെയ്ഡ് നടത്തും. സ്റ്റാഫിന്റെ എണ്ണം കുറവുള്ളത് പരിഹരിക്കും. അതിനായി പോലീസില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ നല്‍കുന്നത് ആലോചിക്കും - മുഖ്യമന്ത്രി പറഞ്ഞു.