UDF

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

വിദ്യാര്‍ഥിനികളുടെ ആത്മഹത്യ:വി.എസ്. പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതെന്തിന്?-ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കോഴിക്കോട്ട് ആത്മഹത്യ ചെയ്ത രണ്ട് വിദ്യാര്‍ഥിനികളുടെ കുടുംബാംഗങ്ങള്‍ക്ക് പരാതിയില്ലാതിരിക്കെ, അവരെ വിളിച്ച് പരാതി നല്‍കാന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി. അതും ഈ കുട്ടികളുടെ കുടുംബത്തെ കാണാനില്ലെന്ന വാര്‍ത്ത പ്രചരിച്ചിരുന്ന കാലത്ത്. ഒളിവിലാണെന്ന് കരുതിയ കുട്ടിയുടെ അച്ഛനെ എങ്ങനെ വി.എസിന് ഫോണില്‍ കിട്ടി ? കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത് വീട്ടുകാര്‍ക്ക് പരിചയമില്ലാത്ത അബ്ദുള്‍ അസീസ് എന്നയാളാണ്. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു ? ഇതെല്ലാം പോരാതെ വോട്ടെണ്ണുന്നതിന്റെ തലേന്ന് ഈ കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം ഉത്തരവിട്ടതിന്റെ കാരണമെന്താണ് ? നിയമസഭയില്‍ പതിവില്ലാത്തവിധം വികാരാധീനനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു.

നിയമസഭയില്‍ കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് പോലീസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളിയെന്ന വിഷയത്തില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് അവതരണമായിരുന്നു വേദി.

ഡിവൈ.എസ്. പിയായ രാധാകൃഷ്ണപിള്ളയല്ല കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച കേസ് അന്വേഷിച്ചതെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അസി.കമ്മീഷണര്‍ ജയ്‌സണ്‍എബ്രഹാമിന്റെ റിപ്പോര്‍ട്ട് ആമുഖ കത്തോടെ രാധാകൃഷ്ണ പിള്ള കോടതിയില്‍ സമര്‍പ്പിച്ചതേയുള്ളൂ. അന്വേഷണം നടത്തിയത് ജയ്‌സണ്‍ ആയതിനാല്‍ അദ്ദേഹം തന്നെ റിപ്പോര്‍ട്ട് നല്‍കട്ടേയെന്ന് കോടതി പറഞ്ഞു.

അബ്ദുള്‍ അസീസെന്നയാള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ഈ കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടെണ്ണലിന്റെ തലേന്ന് വി.എസ് ഡി.ജി.പിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ പകര്‍പ്പ് ഉമ്മന്‍ ചാണ്ടി സഭയില്‍ വായിച്ചു. ആത്മഹത്യചെയ്ത കുട്ടിയുടെ കുടുംബത്തെ കാണാനില്ലെന്നും കത്തിലുണ്ട്. ഈ രണ്ട് കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കാനുള്ള നിര്‍ദേശം ഡി.ജി.പി. അപ്പോള്‍ തന്നെ നടപ്പാക്കി. എ.ഡി.ജി.പി. വിന്‍സന്‍ പോളിനെ കേസ് ഏല്പിച്ചു. അദ്ദേഹം ജയ്‌സണ്‍ എബ്രഹാമിനെ കേസ് അന്വേഷിക്കാന്‍ നിയോഗിച്ചു.

ജയ്‌സണ്‍ മരിച്ച കുട്ടിയുടെ അച്ഛനായ നജ്മല്‍ ബാബുവിന്റെ മൊഴിയെടുത്തു. തങ്ങള്‍ എങ്ങും ഒളിവില്‍ പോയിട്ടില്ല. വൃക്കയുടെ ശസ്ത്രക്രിയ കഴിഞ്ഞ് സാമ്പത്തിക പ്രയാസമുണ്ടായപ്പോള്‍ ഭാര്യയുടെ വീടായ വേങ്ങരയില്‍ താമസിച്ചിരുന്നു. അപ്പോഴാണ് അവിടെ താമസിക്കുമ്പോള്‍ മകളുടെ മരണത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ പറയണമെന്നും അതന്വേഷിക്കാമെന്നും മുഖ്യമന്ത്രിയാണെന്ന് പരിചയപ്പെടുത്തി വി.എസ്. അച്യുതാന്ദന്‍ ഫോണില്‍ വിളിച്ചിരുന്നു. പരാതി നല്‍കിയ അസീസിനെ തങ്ങള്‍ക്ക് അറിയില്ലെന്നാണ് അച്ഛനമ്മമാരുടെ മൊഴി-മുഖ്യമന്ത്രി പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആരുംമുക്കിയിട്ടില്ല. കോടതിയിലും പോലീസ് സ്റ്റേഷനിലുമുണ്ട്. ഇതില്‍ ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ട്രെയിനിന് മുന്നില്‍ ചാടി മരിച്ചതായതിനാല്‍ മറ്റൊരു കുട്ടിയെ ഈ രീതിയില്‍ പരിശോധിക്കാന്‍ കഴിഞ്ഞിട്ടുമില്ല. 15 കൊല്ലമായ ഈ കേസില്‍ ഒമ്പത് വര്‍ഷം ഇടതുമുന്നണിയാണ് അധികാരത്തിലിരുന്നത്-ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്ക് നാലക്ഷരമുള്ള ഒരു കാര്യംവേണം-മനുഷ്യത്വം. രണ്ടക്ഷരമുള്ള ഒരു കാര്യമുണ്ടെങ്കില്‍-പക-പൊതുപ്രവര്‍ത്തകന്റെ നാശത്തിന്റെ തുടക്കമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.