UDF

2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

അനുഗ്രഹം തേടി നിര്‍മല്‍ മാധവ് എത്തി; ഇനിയാരും വേട്ടയാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുന്നതിന് മുമ്പ് അനുഗ്രഹം വാങ്ങാന്‍ നിര്‍മല്‍ മാധവ് മുഖ്യമന്ത്രിയുടെ അടുത്തെത്തി. തന്റെ ഓഫീസില്‍ കണ്ടപാടെ നിര്‍മലിനെ ആശ്ലേഷിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു: ''വലിയ താരമായല്ലോ.'' ഇതുകേട്ട് നാണിച്ചുനിന്ന നിര്‍മലിനോട് അദ്ദേഹം തുടര്‍ന്നു. ''മനസ്സില്‍ വിഷമം തോന്നേണ്ട കാര്യമില്ല. നിന്നെയാരും ഒന്നും ചെയ്യില്ല. നല്ല കുട്ടിയായി പഠിച്ച് ഉയരത്തില്‍ എത്തണം. എല്ലാ സഹായവും ഉണ്ടാകും. ''

വ്യാഴാഴ്ച ദേശമംഗലം മലബാര്‍ കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് ചേരുന്നതിനുമുന്നോടിയായാണ് നിര്‍മല്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എത്തിയത്. ''എല്ലാ സഹായത്തിനും നന്ദി. പുറത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് പോകാന്‍ ഞാന്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് സാര്‍ ഇടപെട്ടത്. സാറിന്റെ സഹായമില്ലായിരുന്നെങ്കില്‍ എനിക്ക് പഠിക്കാന്‍ കഴിയുമായിരുന്നില്ല.'' തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പാദം തൊട്ട് നിര്‍മല്‍ വണങ്ങി. പിടിച്ചെഴുന്നേല്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. ''ഇനി ആരും നിന്നെ വേട്ടയാടില്ല. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം.''

ഒപ്പമുണ്ടായിരുന്ന യൂത്ത് കേണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖ് കോളേജില്‍ ഫീസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കളക്ടര്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന വിവരം അറിയിച്ചു. എം.എല്‍.എ മാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് എന്നിവരും നിര്‍മലിനൊപ്പമുണ്ടായിരുന്നു.





nirmal madhavan visits CM - visuals