UDF

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

നിര്‍മലിനോട് കാട്ടിയത് മനുഷ്യത്വപരമായ സമീപനം-മുഖ്യമന്ത്രി

തിരുവനന്തപുരം: എന്‍ജിനീയറിങ് വിദ്യാര്‍ഥി നിര്‍മല്‍മാധവിനോട് സര്‍ക്കാര്‍ കാട്ടിയത് മനുഷ്യത്വപരമായ സമീപനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയിലെ കോളേജില്‍ റാഗിങ്ങിനിരയായ നിര്‍മല്‍ റാഗ്‌ചെയ്തവര്‍ക്കെതിരെ പരാതി നല്‍കിയിട്ട് ഒരു നടപടിയും സ്വീകരിച്ചില്ല. പുതിയ കോളേജില്‍ ചേരാന്‍ സര്‍ട്ടിഫിക്കറ്റും കൊടുത്തില്ല. കൂടാതെ പുന്നപ്രയില്‍ പുതിയ കോളേജില്‍ ചേര്‍ന്നപ്പോഴും റാഗിങ്‌കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. മാനസികമായി തളര്‍ന്ന ആ കുട്ടി ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. സര്‍ക്കാരിന്റെ നിയന്ത്രണമുള്ള സ്വാശ്രയകോളേജുകളിലാണ് നിര്‍മലിന് പ്രവേശനം ലഭിച്ചത്. ഇതേപ്പറ്റി പരിശോധിക്കുന്ന ടെക്‌നിക്കല്‍ കമ്മിറ്റിക്കുമേല്‍ സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ല. പരാതി അന്വേഷിക്കാന്‍ കളക്ടറോടും പറഞ്ഞിട്ടുണ്ട്. പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് അതിനുള്ള സാഹചര്യം ഒരുക്കുക മാത്രമാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതാ കമ്മീഷന്റെ എസ്.എം.എസ്. സംവിധാനം ഉദ്ഘാടനം ചെയ്തശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.