UDF

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

കേരളം നേരിടുന്ന പ്രതിസന്ധി മാലിന്യക്കൂമ്പാരം

കേരളം നേരിടുന്ന പ്രതിസന്ധി മാലിന്യക്കൂമ്പാരം



കോട്ടയം: ആരോഗ്യമുള്ള എല്ലാവരും വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും മാലിന്യവിമുക്തകേരളം കര്‍മപരിപാടിയില്‍ പങ്കെടുക്കണമെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . തിരുനക്കര മൈതാനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ‘ശുചിത്വോത്സവം -2011’ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിടുന്ന വലിയ പ്രതിസന്ധി മാലിന്യക്കൂമ്പാരമാണ്. ഇതിന്‍െറ ഫലമായി പകര്‍ച്ചപ്പനിയും പകര്‍ച്ചവ്യാധികളും തുടര്‍ച്ചയായി സംഭവിക്കുന്നു. ആഘാതം നേരിടുന്ന പ്രദേശങ്ങള്‍ മാറിമാറി വരുന്നുവെന്നല്ലാതെ ഇവയെ പൂര്‍ണമായി വരുതിയിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ എല്ലാവരുടെയും സഹായത്തോടെ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മാലിന്യനിര്‍മാര്‍ജനം നടത്തുകയാണ് വേണ്ടത്. മാലിന്യവിമുക്ത വിദ്യാലയം പരിപാടിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് തയാറാക്കിയ ശുചിത്വ മാസ്റ്റര്‍ പ്ളാന്‍ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ധനമന്ത്രി കെ.എം. മാണി അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നിര്‍മല്‍ ഗ്രാമപുരസ്കാരം നേടിയ പഞ്ചായത്തുകള്‍ക്കുളള ആദ്യ വിഹിതം വൈക്കം ബ്ളോക് പഞ്ചായത്തിനും ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്തിനും മന്ത്രി നല്‍കി. ശുചീകരണ തൊഴിലാളികള്‍ക്ക് മാസ്ക്, ഗ്ളൗസ് എന്നിവ ജോസ് കെ. മാണി എം.പി വിതരണം ചെയ്തു. മാലിന്യം ശേഖരിക്കുന്ന പ്രത്യേക ബക്കറ്റുകള്‍ ആന്‍േറാ ആന്‍റണി എം.പി വിതരണം ചെയ്തു. യോഗത്തില്‍ എം.എല്‍.എമാരായ മോന്‍സ് ജോസഫ്, കെ. സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാധാ വി. നായര്‍, തദ്ദേശഭരണ സെക്രട്ടറി ആര്‍.കെ. സിങ്, കോട്ടയം നഗരസഭാ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സുരേഷ് കുമാര്‍, ത്രേസ്യാമ്മ ജോര്‍ജ്, അംഗങ്ങളായ എന്‍.ജെ. പ്രസാദ്, ഫില്‍സണ്‍ മാത്യൂസ്, ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഷാജി ജോര്‍ജ്, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. അനില്‍ കുമാര്‍, കൗണ്‍സിലര്‍ രാജം ഡി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ മിനി ആന്‍റണി സ്വാഗതവും ജോര്‍ജ് ചാക്കച്ചേരി പദ്ധതി വിശദീകരണവും നടത്തി. കെ.ബി. ശിവദാസ് നന്ദി പറഞ്ഞു.