UDF

2011, ഡിസംബർ 10, ശനിയാഴ്‌ച

പന്ത്രണ്ടാം പദ്ധതിയുടെ വലിപ്പത്തെ കുറിച്ച് സംശയം വേണ്ട - ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: കേരളത്തിന്റെ പന്ത്രണ്ടാം പദ്ധതി അടങ്കലിന്റെ വലിപ്പത്തെക്കുറിച്ച് ആര്‍ക്കും സംശയം വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സമീപനരേഖയെക്കുറിച്ച് കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ 'പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സമീപനരേഖ ' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പന്ത്രണ്ടാം പദ്ധതി അടങ്കല്‍ 1,05,000 കോടി രൂപ ലക്ഷ്യമിടുന്നു. കണക്കുകൂട്ടലിന് അപ്പുറമാണെങ്കിലും അതിനുള്ള വിഭവങ്ങള്‍ കണ്ടെത്താനാവും. അതിനപ്പുറത്തേക്കു വേണമെങ്കിലും പോകാനാവുമെന്നതിനാല്‍ പിന്നാക്കം വരുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടു പുസ്തകങ്ങളുടെയും ആദ്യ പ്രതികള്‍ ആസൂത്രണ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ.സി.ജോസഫ് ഏറ്റുവാങ്ങി.

രാജീവ് ഗാന്ധി വികസന പഠന കേന്ദ്രം ചെയര്‍മാന്‍ കൂടിയായ ചെന്നിത്തല അദ്ധ്യക്ഷനായിരുന്നു. തന്റെ പുസ്തകം കേന്ദ്ര സര്‍ക്കാരിന്റെ സമീപന രേഖയ്ക്ക് എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ താല്പര്യങ്ങള്‍ കൂടി സംരക്ഷിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങള്‍ വെച്ചുള്ള രൂപരേഖയാണ്. ആഗോളീകരണത്തിന്റെ ഫലം ഒരു പിടി ആളുകള്‍ക്കു മാത്രം ലഭിക്കുന്നു എന്നതിനാലാണ് വാള്‍സ്ട്രീറ്റ് പോലുള്ള പ്രക്ഷോഭങ്ങളുണ്ടായത്. മനുഷ്യമുഖമുള്ള വികസനമാണ് പന്ത്രണ്ടാം പദ്ധതിക്കാലത്തുണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.