UDF

2011, ഡിസംബർ 15, വ്യാഴാഴ്‌ച

ഇടപെടാമെന്ന് പ്രധാനമന്ത്രി; ശുഭപ്രതീക്ഷയെന്ന് മുഖ്യമന്ത്രി

ഇടപെടാമെന്ന് പ്രധാനമന്ത്രി; ശുഭപ്രതീക്ഷയെന്ന് മുഖ്യമന്ത്രി


ന്യൂഡല്‍ഹി: സമാധാനാന്തരീക്ഷമൊരുക്കിയാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെയും നേതൃത്വത്തില്‍ 23 നേതാക്കളടങ്ങുന്ന സംഘമാണ് ബുധനാഴ്ച പ്രധാനമന്ത്രിയെ കണ്ടത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ പൂര്‍ണമായും ബോധ്യപ്പെടുത്താന്‍ സാധിച്ചെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പുതിയ അണക്കെട്ടു നിര്‍മിച്ചാലേ ആശങ്ക പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും കഴിയൂവെന്ന കേരളത്തിന്റെ പൊതുവികാരവും പ്രധാനമന്ത്രിയെ അറിയിച്ചു. ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണെന്നതും വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നതുമാണ് പ്രധാനമന്ത്രിയുടെ പരിമിതി. എങ്കിലും കേരളത്തിന്റെ ആശങ്ക ഉള്‍ക്കൊണ്ട് ഇടപെടാമെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. ഇതിനായി സംഘര്‍ഷങ്ങളും പ്രകോപനവും ഒഴിവാക്കി നല്ല അന്തരീക്ഷമുണ്ടാക്കണമെന്നായിരുന്നു പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശം. ഇക്കാര്യത്തില്‍ പൂര്‍ണസഹകരണം സര്‍വകക്ഷിസംഘം അദ്ദേഹത്തോടു വാഗ്ദാനം ചെയ്തു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന് കാത്തുനില്‍ക്കാനാവില്ല. ചര്‍ച്ചയുടെ സാഹചര്യം സൃഷ്ടിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ അണക്കെട്ടു നിര്‍മിച്ചാലും തമിഴ്‌നാടിന് ഇപ്പോള്‍ നല്‍കുന്ന വെള്ളത്തില്‍ ഒരു കുറവുമുണ്ടാവില്ലെന്ന് സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ അറിയിച്ചു. ഒരുകാലത്തുമുണ്ടാവാത്ത തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ ജനങ്ങള്‍ കടുത്ത ഭീതിയിലും പരിഭ്രാന്തിയിലുമാണ്. അണക്കെട്ടു പൊട്ടിയാല്‍ അഞ്ചു ജില്ലകള്‍ വെള്ളത്തില്‍ ഒലിച്ചുപോവും.

പൊതുജനാഭിപ്രായം രൂപവത്കരിക്കാനായി തമിഴ്‌നാട് സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയതിനെയും കേരളം വിമര്‍ശിച്ചു. പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ 1979-ല്‍ തമിഴ്‌നാട് സമ്മതിച്ചതാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായികുറയ്ക്കാനും നടപടിയുണ്ടാവണം. പ്രശ്‌നപരിഹാരത്തിനായി ഏറ്റവും വേഗത്തിലുള്ള നടപടിയെടുക്കണമെന്നും സര്‍വകക്ഷിസംഘം ആവശ്യപ്പെട്ടു.

മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ.ജോസഫ്, ഷിബു ബേബി ജോണ്‍, കോടിയേരി ബാലകൃഷ്ണന്‍(സി.പി.എം), സി.ദിവാകരന്‍(സി.പി.ഐ), ഇ.ടി.മുഹമ്മദ് ബഷീര്‍ (മുസ്‌ലിംലീഗ്),മാത്യു.ടി.തോമസ്(ജെ.ഡി-എസ്), എന്‍.കെ.പ്രേമചന്ദ്രന്‍(ആര്‍.എസ്.പി), എ.സി.ഷണ്‍മുഖദാസ്(എന്‍.സി.പി), വറുഗീസ് ജോര്‍ജ് (സോഷ്യലിസ്റ്റ് ജനത), എ.എന്‍.രാധാകൃഷ്ണന്‍(ബി.ജെ.പി), എ.എന്‍.രാജന്‍ബാബു(ജെ. എസ്.എസ്), കെ.ആര്‍.അരവിന്ദാക്ഷന്‍ (സി.എം.പി), കടന്നപ്പള്ളി രാമചന്ദ്രന്‍(കോണ്‍ഗ്രസ്-എസ്), പി.സി.തോമസ്(കേരള കോണ്‍ഗ്രസ്) എന്നീ നേതാക്കളും സര്‍വകക്ഷിസംഘത്തിലുണ്ടായിരുന്നു.

സമരം നിര്‍ത്തുന്നു

ന്യൂഡല്‍ഹി: ശാന്തമായ അന്തരീക്ഷമൊരുക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ പ്രശ്‌നമുന്നയിച്ചുകൊണ്ടുള്ള സമരം നിര്‍ത്തിവെക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പ്രക്ഷോഭം നിര്‍ത്താനുള്ള സന്നദ്ധത സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും പ്രകടിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം പാര്‍ട്ടി പ്രാദേശികഘടകമാണ് കൈക്കൊള്ളുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
സമരം നിര്‍ത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കേരളകോണ്‍ഗ്രസ് മാനിക്കുകയാണെന്ന് മന്ത്രി കെ.എം.മാണി അറിയിച്ചു. എന്നാല്‍ ഒരു മാസത്തിനകം പ്രശ്‌നപരിഹാരം വേണമെന്നതാണ് പാര്‍ട്ടിയുടെ നിലപാട്.