UDF

2011, ഡിസംബർ 6, ചൊവ്വാഴ്ച

സമാധാനാന്തരീക്ഷം നിലനിര്‍ത്തണം -മുഖ്യമന്ത്രി

സമാധാനാന്തരീക്ഷം നിലനിര്‍ത്തണം -മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാല്‍ പ്രശ്നം പരിഹരിക്കാന്‍ സുപ്രധാന ചര്‍ച്ചകളും നടപടികളും ഉണ്ടാകുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന അക്രമാസക്തമായ സമരങ്ങളില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. പ്രശ്നത്തിന് പരിഹാരംകണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. തമിഴ്നാട് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായി മുന്നോട്ടുവന്നിട്ടുണ്ട്. ഉന്നതാധികാരസമിതി അംഗങ്ങള്‍ ഉടന്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. സമാധാനപരമായ അന്തരീക്ഷത്തില്‍ മാത്രമേ ചര്‍ച്ചകളും മറ്റു നടപടികളും വിജയിക്കുകയുള്ളൂവെന്നും അതിന് സഹായകരമായ രീതിയില്‍ പരമാവധി ആത്മസംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

തമിഴ്നാട് പൊലീസ് അധികൃതരുമായി ഡി.ജി.പി ബന്ധപ്പെട്ടുവരുന്നുണ്ട്. അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനത്തിന് തമിഴ്നാട് ഉറപ്പുനല്‍കിയിട്ടുണ്ട്. അയല്‍സംസ്ഥാന ബന്ധം വഷളാക്കുന്ന ഒരു നടപടിയും ഉണ്ടാകാതെ നോക്കണമെന്ന് മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശംനല്‍കി. അത്തരം സംഭവങ്ങളോ പരാതികളോ ഉണ്ടായാല്‍ ഉടന്‍ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശംനല്‍കി.

ചര്‍ച്ചയില്‍ പ്രതീക്ഷ -മുഖ്യമന്ത്രി
















 മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഹൈകോടതിയില്‍
വിവാദ പരാര്‍മശം നടത്തിയ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിക്കെതിരെ
നടപടിയെടുക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല.
ബുധനാഴ്ച മന്ത്രിസഭക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാന്‍
ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിലെ ചര്‍ച്ച
മാറ്റിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ചൊവ്വാഴ്ച
ഹൈകോടതിയില്‍ ദണ്ഡപാണിതന്നെ ഹാജരാകുമെന്നാണ് വിവരം. എ.ജി ചൊവ്വാഴ്ച
കോടതിയില്‍ ഹാരാകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും
മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.


സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി എ.ജി ഹൈകോടതിയില്‍ പ്രകടിപ്പിച്ച
അഭിപ്രായങ്ങള്‍ സംസ്ഥാനത്ത് കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.
എ.ജിയുടെ അഭിപ്രായത്തെ മിക്ക കക്ഷികളും തള്ളുകയും നടപടി ആവശ്യപ്പെടുകയും
ചെയ്ത ഘട്ടത്തിലാണ് തിങ്കളാഴ്ച രാത്രി പത്തിന് അടിയന്തര മന്ത്രിസഭായോഗം
ചേര്‍ന്നത്. ചൊവ്വാഴ്ച സര്‍വകക്ഷി യോഗത്തില്‍ ഒത്തൊരുമിച്ച നിലപാട്
കൈക്കൊള്ളാന്‍ കൂടി ലക്ഷ്യമിട്ടാണ് രാത്രി തന്നെ യോഗം ചേര്‍ന്നത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യു.ഡി.എഫിലെ കക്ഷികള്‍ പ്രത്യേകം സമരം
നടത്തുന്നതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഇക്കാര്യത്തില്‍ കേരളത്തിന്
ഒറ്റ ശബ്ദമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധത്തിന് വ്യത്യസ്തമായ
മാര്‍ഗം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും
ലക്ഷ്യത്തിലും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിലും ഒരേ അഭിപ്രായമാണ്
എല്ലാവര്‍ക്കും -   മുഖ്യമന്ത്രി പറഞ്ഞു.


തമിഴ്നാടുമായി ചര്‍ച്ചക്ക് സാഹചര്യമൊരുങ്ങിയിട്ടുണ്ടെന്നും ചര്‍ച്ചയില്‍
പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു. തിങ്കളാഴ്ച ജലവിഭവവകുപ്പ്
ദല്‍ഹിയില്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്ന് തമിഴനാട്
പിന്‍വാങ്ങിയെങ്കിലും 15നോ 16നോ ചര്‍ച്ചക്ക് സന്നദ്ധമാണെന്ന്
അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയുടെ തീയതി നിശ്ചയിച്ച അറിയിപ്പ് ഉടന്‍
ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഒടുവിലത്തെ സാഹചര്യം മന്ത്രിസഭ
വിലയിരുത്തി. ദല്‍ഹിയില്‍ എംപവേര്‍ഡ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത
അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അവിടെയുണ്ടായ കാര്യങ്ങള്‍
വിശദീകരിച്ചു.

കേരളത്തിലുള്ളവര്‍ ആത്മസംയമനം പാലിക്കണം. തമിഴ്നാടുമായി നല്ല ബന്ധമാണ് സംസ്ഥാനത്തിനുള്ളത്. അത് തുടരാന്‍ കേരളം ആഗ്രഹിക്കുന്നു.


നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ആവര്‍ത്തിക്കാന്‍
പാടില്ല. നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. കുമളിയിലും
കമ്പംമേട്ടിലും നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നല്ല അന്തരീക്ഷം
നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.