UDF

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

റബര്‍ വിലയിടിവിന് കാരണം ഇറക്കുമതിയല്ല

തിരുവനന്തപുരം: റബര്‍ വിലയിടിവിന് കാരണം ഇറക്കുമതിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റബര്‍ വിപണി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഊഹക്കച്ചവടമാണെന്നും അദ്ദേഹം പറഞ്ഞു.  വെയര്‍ഹൗസ് രസീത് സമ്പ്രദായത്തെപ്പറ്റി വെയര്‍ഹൗസിങ് ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേറ്ററി അതോറിറ്റി, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവചേര്‍ന്ന് നടത്തിയ  സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ റബര്‍ വിപണി ശക്തമാണ്. റബര്‍വിലയിടിവിന് ഇറക്കുമതി കാരണമാകുന്നില്ല.

എന്നാല്‍, ഇറക്കുമതി വിലയിടിക്കുമെന്ന് തെറ്റായ പ്രചാരണം ഉണ്ടാകുമ്പോള്‍ കൂടുതല്‍ റബര്‍ വിപണിയിലെത്തുകയും വിലയിടിയുകയും ചെയ്യും. ഊഹക്കച്ചവടക്കാര്‍ വിലയിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. റബര്‍ കര്‍ഷകരെ ചൂഷണം  ചെയ്യുന്ന ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണം. കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷന് കീഴില്‍ സംസ്ഥാനത്തെ ഒമ്പത് സംഭരണശാലകളില്‍ കര്‍ഷകര്‍ സൂക്ഷിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് പകരം ലഭിക്കുന്ന രസീതിലൂടെ ബാങ്ക് വായ്പ ലഭിക്കുന്ന സമ്പ്രദായം 20 സംഭരണശാലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ പുതിയ ഫ്രൈറ്റ് സ്‌റ്റേഷന് സെപ്റ്റംബറില്‍ ശിലയിടുമെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ് അറിയിച്ചു.