
'കേരളത്തിലും ഒരു കൊച്ച് എസ്.പി.ജിക്ക് ഇന്നു തുടക്കമിടുകയാണ്' - മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോള്‍ മഹാഭൂരിപക്ഷവും സ്‌കൂള്‍ കുട്ടികള്‍ അണിനിരന്ന സദസ്സ് സാകൂതം കാതോര്‍ത്തു. സുരക്ഷാ ഏജന്‍സിയായ എസ്.പി.ജിയുടെ കാര്യമല്ല സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എന്ന എസ്.പി.ജിയുടെ കാര്യമാണ് അദ്ദേഹം പറഞ്ഞത്. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഒന്നാം വാര്‍ഷിക ചടങ്ങില്‍ മുഖ്യമന്ത്രി എസ്.പി.ജി പദ്ധതിയുടെ തുടക്കം കുറിച്ചു.
''സുരക്ഷ മാത്രമല്ല ഈ പദ്ധതിയുടെ ലക്ഷ്യം. ഒരു പുതിയ സമൂഹത്തെ അച്ചടക്കത്തിന്റെ പാതയിലൂടെ രാജ്യസ്‌നേഹമെന്ന ലക്ഷ്യബോധം നല്‍കി മുന്നോട്ടു നയിക്കാനുള്ള പ്രസ്ഥാനമാണിത്. അതിനാല്‍ത്തന്നെ രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ ഏജന്‍സിയെപ്പോലെ ഇതിനും പ്രാധാന്യമുണ്ട്. ജനമൈത്രി പോലീസ് പദ്ധതിയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയും കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയവയാണ്. സര്‍ക്കാര്‍ മാറിയപ്പോള്‍ പദ്ധതികള്‍ നിര്‍ത്തുമോ എന്നു പലരും ചോദിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ നല്ല കാര്യങ്ങള്‍ തുടരേണ്ടത് ജനാധിപത്യ ബാധ്യതയുള്ള ഭരണകൂടത്തിന്റെ ചുമതലയാണ്. ഈ പദ്ധതികളോട് എതിര്‍പ്പില്ലെന്നു മാത്രമല്ല വളര്‍ത്താനുള്ള നടപടികളുമുണ്ടാവും'' - ഉമ്മന്‍ചാണ്ടി ഇതു പറയുമ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതികള്‍ നടപ്പാക്കാന്‍ നേതൃത്വം നല്‍കിയ മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സാക്ഷി.
ഒരു സ്റ്റേഷന്‍ പരിധിയില്‍ ഒരു സ്‌കൂള്‍ എന്ന നിലയില്‍ സ്റ്റുഡന്‍റ് പോലീസ്‌കേഡറ്റ് പദ്ധതി ഈ വര്‍ഷം 450 സ്‌കൂളുകളിലേക്കു വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രണ്ടുവര്‍ഷ കാലാവധിയുള്ള പദ്ധതിയിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു യൂണിഫോം നല്‍കിയിരുന്നത് രണ്ടായി വര്‍ധിപ്പിച്ചു. പദ്ധതിയില്‍ അച്ചടക്കവും മികവും പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കാനുള്ള പദ്ധതികളും ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഒന്നാം പിറന്നാള്‍ കേക്ക് ഉമ്മന്‍ചാണ്ടി മുറിച്ചു. പദ്ധതിയുടെ ഉപജ്ഞാതാവായ കോടിയേരിക്ക് ആദ്യ കഷണം കൈമാറി. കോടിയേരി ആ കഷണം പകുതി മുറിച്ച് ഉമ്മന്‍ചാണ്ടിയുടെ വായില്‍ വെച്ചു. ബാക്കി പകുതി സ്വന്തം വായിലും. കൂട്ടച്ചിരിക്കിടെ വേദിയിലുള്ള കുട്ടികളുടെ കാര്യം ഗതാഗത മന്ത്രി വി.എസ്.ശിവകുമാര്‍ മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രി കേക്ക് മുറിച്ച് അവരുടെ വായിലും വെച്ചു. അപ്പോള്‍ ചെവി പൊട്ടുമാറുച്ചത്തില്‍ പടക്കം പൊട്ടിയത് അതിഥികളടക്കം സര്‍വരെയും ഞെട്ടിച്ചു.
സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്‌കൂളുകളെ രക്ഷിക്കാനാണ് എസ്.പി.ജി പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പോലീസ് എന്നിവര്‍ ഇതില്‍ പങ്കാളികളാണ്.