UDF

2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

ബധിര മൂക കുട്ടികള്‍ക്കായി കോക്ലിയര്‍ പദ്ധതി രണ്ടാഴ്‌ചയ്‌ക്കകം

ബധിര മൂക കുട്ടികള്‍ക്കായി കോക്ലിയര്‍ പദ്ധതി രണ്ടാഴ്‌ചയ്‌ക്കകം

തിരുവനന്തപുരം: ബധിര മൂക കുട്ടികള്‍ക്ക്‌ ഓപ്പറേഷനിലൂടെ സംസാരശേഷി നല്‌കുന്നതിനുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടപ്പാക്കുന്നതിന്‌ 12 അംഗ സമിതി രൂപീകരിച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പദ്ധതി തയാറാക്കി നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.

ഡോക്‌ടര്‍മാരുടെ ആറു പ്രതിനിധികളും സര്‍ക്കാരിന്റെ നാലു പ്രതിനിധികളും സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ ഒരു പ്രതിനിധിയും ബെന്നി ബഹനാന്‍ എംഎല്‍എയും ഉള്‍പ്പെടുന്നതാണു സമിതി.

പദ്ധതി എപ്രകാരം നടപ്പാക്കണം എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ തയാറാക്കാന്‍ യോഗം
ഇവരെ ചുമതലപ്പെടുത്തി. വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുക, അവരുടെ ഓപ്പറേഷന്‍ നടത്തുക, അവരെ പുനരധിവസിപ്പിക്കുക എന്നിവയുടെ വിശദാംശങ്ങളാണു തയാറാക്കേണ്ടത്‌. എല്ലാ മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും ഓഡിയോ ടെസ്‌റ്റിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യരംഗത്ത്‌ സര്‍ക്കാരിനു വലിയ ലക്ഷ്യങ്ങളുണ്ട്‌. അതിലേക്കുള്ള ആദ്യത്തെ ചുവടാണിത്‌. ലോകനിലവാരത്തിലുള്ള ധാരാളം ചികിത്സാസൗകര്യങ്ങള്‍ കേരളത്തിലുണ്ട്‌. പക്ഷേ, അതു ലഭിക്കുന്നത്‌ സമ്പന്നര്‍ക്കു മാത്രമാണ്‌. കേരളത്തില്‍ ലഭ്യമായ ഏറ്റവും നല്ല ചികിത്സാസൗകര്യങ്ങള്‍ എല്ലാവര്‍ക്കും എത്തിക്കുക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്‌ സമഗ്രമായ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി ഉടനേ നടപ്പാക്കും.
അതുമായി കോക്ലിയര്‍ പദ്ധതി സംയോജിപ്പിക്കും. എന്നാല്‍, കുട്ടികളുടെ ഓപ്പറേഷന്‍ മൂന്നു വയസിനുള്ളില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യമായതിനാല്‍ ആരോഗ്യപദ്ധതി നടപ്പാക്കുംവരെ കോക്ലിയര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയില്ലെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരമൊരു പദ്ധതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന ഗായകന്‍ കെ.ജെ. യേശുദാസിനെ
മുഖ്യമന്ത്രി അഭിനന്ദിച്ചു. സാമൂഹിക ബാധ്യത ഏറ്റെടുത്ത്‌ അദ്ദേഹം വലിയൊരു പോരാട്ടമാണു നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.