പുനരന്വേഷണം നടക്കട്ടെ

തിരുവനന്തപുരം: പാമോയില്‍ കേസിലെ വിജിലന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍
നല്‍കാമെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമെങ്കിലും മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി ആ നിര്‍ദേശം നിരാകരിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍
നല്‍കിയാല്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്ന
വിജിലന്‍സ് കോടതി വിധിക്കെതിരെ സ്റ്റേ കിട്ടുമെന്നായിരുന്നു അഡ്വക്കേറ്റ്
ജനറലിന്റെ നിയമോപദേശം.
പുതിയ തെളിവുകളില്ലാതെ അന്വേഷണ ഏജന്‍സി എതിര്‍ത്തിട്ടും കോടതി പുനരന്വേഷണം
നിര്‍ദേശിച്ചത് ഹൈക്കോടതിയെ സമീപിച്ചാല്‍ സ്റ്റേ കിട്ടുമെന്നായിരുന്നു
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ഇതിന് അടിസ്ഥാനമായ ഹൈക്കോടതി വിധികളും
അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. വിജിലന്‍സ് കോടതിയുടെ ഉത്തരവ് അധികാരപരിധി
വിട്ടുള്ളതാണെന്നാണ് നിയമോപദേശത്തിലെ പരാമര്‍ശം. അന്വേഷണ ഏജന്‍സിയുടെ
കണ്ടെത്തല്‍ കോടതിക്ക് അംഗീകരിക്കുകയോ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍
തുടരന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്യാം. എന്നാല്‍ തുടരന്വേഷണത്തിന്
മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ കോടതി കാരണം കണ്ടെത്തിയത് അധികാരപരിധിക്ക്
പുറത്താണെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്.
എന്നാല്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത്
നിയമവഴിയില്‍ തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന
ചിന്തയ്ക്കിടയാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. അന്വേഷണം
വൈകിപ്പിച്ചെന്നും പരാതി വരും. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഈ വഴിപോയി
കൈപൊള്ളിയത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇടതുമുന്നണി
അധികാരത്തിലിരുന്നപ്പോള്‍ തന്നെയാണ് രണ്ടുപ്രാവശ്യവും ഇക്കാര്യത്തില്‍
അന്വേഷണം നടന്നത്. തന്നെ പ്രതിയാക്കാന്‍ എന്തെങ്കിലും വകുപ്പുണ്ടോയെന്ന്
അന്ന് തലനാരിഴ കീറി പരിശോധിച്ചതുമാണ്.
നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുന്‍ ജസ്റ്റിസ് സുബ്രഹ്മണ്യന്‍
പോറ്റിയെ ഫയല്‍ ഏല്പിച്ച് പ്രതിചേര്‍ക്കാന്‍ കഴിയുമോയെന്ന പരിശോധന
നടന്നിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കിയാല്‍ കേസ് തന്നെ
നിലനില്‍ക്കില്ലെന്നാണ് അന്ന് അദ്ദേഹം നല്‍കിയ നിയമോപദേശം.
മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിക്ക്
സമര്‍പ്പിക്കണം. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമോയെന്ന കാര്യവും
മറ്റും വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷമേ വിജിലന്‍സ് തീരുമാനിക്കൂ.