UDF

2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

തന്റെ കാറിന്റെ നിയമലംഘനം പിടിക്കാന്‍ മുഖ്യമന്ത്രിയുടെ വെല്ലുവിളി

തന്റെ കാറിന്റെ നിയമലംഘനം പിടിക്കാന്‍ മുഖ്യമന്ത്രിയുടെ വെല്ലുവിളി


തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പിലെയും പൊലീസിലെയും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ വെല്ലുവിളി.

തന്റെ വാഹനം എപ്പോഴെങ്കിലും വാഹനനിയമം ലംഘിക്കുന്നെങ്കില്‍ കണ്ടുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ പരസ്യവെല്ലുവിളി.

തന്റെ വാഹനം വാഹനനിയമം ലംഘിക്കുന്നത് കണ്ടുപിടിക്കുന്നവര്‍ക്ക് സ്വന്തം
പോക്കറ്റില്‍ നിന്ന് പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കിയ എന്‍ഫോഴ്‌സ്‌മെന്റ് ഓട്ടോമേഷന്‍
പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ പ െങ്കടുക്കുകയായിരുന്നു മുഖ്യമന്ത്രി.

കള്ളന്മാരെ പിടിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് പണം
നല്‍കുന്നതെങ്കില്‍ വാഹന നിയമലംഘനത്തിന് തന്നെ പിടികൂടുന്നവര്‍ക്ക് തന്റെ
പോക്കറ്റില്‍ നിന്ന് അഞ്ഞൂറ് രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയെ പിടിച്ചാല്‍ മറ്റുള്ളവരെ അതേ കുറ്റത്തിന് പിടിക്കുമ്പോള്‍
പ്രതിഷേധം ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോട്ടോര്‍ വാഹന വകുപ്പില്‍ കൂടുതല്‍ തസ്തിക അനുവദിക്കുന്നത്
ധനവകുപ്പിന്റെ പരിശോധനയിലാണെന്നും അക്കാര്യത്തില്‍ ഉടന്‍ തീരുമാനം
ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായിരുന്നു.

നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍സഹിതം
പകര്‍ത്തി പിഴ ഈടാക്കാന്‍ കഴിയുന്ന സംവിധാനമാണ് എന്‍ഫോഴ്‌സ്‌മെന്റ്
ഓട്ടോമേഷന്‍ പദ്ധതി. തുടക്കത്തില്‍ തലസ്ഥാനജില്ലയിലെ കവടിയാര്‍,
ഓവര്‍ബ്രിഡ്ജ്, ടെക്‌നോപാര്‍ക്ക് ജങ്ഷന്‍ എന്നിവിടങ്ങളിലാണ്  പദ്ധതി
നടപ്പാക്കുന്നത്.

കവടിയാര്‍, ഓവര്‍ബ്രിഡ്ജ് എന്നിവിടങ്ങളില്‍ ഇത്
നടപ്പായിക്കഴിഞ്ഞു.പ്രവര്‍ത്തനം വിലയിരുത്തിയശേഷം മറ്റ് ജങ്ഷനുകളിലും ഇത്
നടപ്പാക്കും.

നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍, വ്യാജരേഖകള്‍ എന്നിവ
കണ്ടെത്താന്‍ സഹായിക്കുന്ന വിധം മോട്ടോര്‍വാഹനവകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ്
വിഭാഗത്തിന്റെ ആധുനികവത്കരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.