UDF

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

പിള്ളയുടെ ശിക്ഷയിളവ്: തീരുമാനം എ.ജി.യുടെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം





കൊട്ടാരക്കര:മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് പ്രായാധിക്യത്തിന്റെ പേരില്‍ ജയില്‍ശിക്ഷയില്‍ ഇളവുനല്‍കുന്നത് അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എ.ജി.യുടെ റിപ്പോര്‍ട്ട് ഇതുവരെ തന്റെ കൈവശം കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് പിള്ളയെ വീട്ടിലെത്തി സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.



അഡ്വക്കേറ്റ് ജനറല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിരിക്കാം. പക്ഷേ എന്റെ കൈയില്‍ കിട്ടിയിട്ടില്ല. അത് പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫിന്റെ നേതാവും ഘടകകക്ഷിയുടെ അധ്യക്ഷനുമാണ് പിള്ള. മുഖ്യമന്ത്രിസ്ഥാനമേറ്റശേഷം ഇതുവരെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അതിനാലാണ് സന്ദര്‍ശിക്കാനെത്തിയത്. രാഷ്ട്രീയകാര്യങ്ങളും ആരോഗ്യകാര്യങ്ങളുമാണ് ചര്‍ച്ച ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൂരനാട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുംവഴിയാണ് മുഖ്യമന്ത്രി പിള്ളയുടെ വാളകത്തെ വീട്ടിലെത്തിയത്. അരമണിക്കൂറോളം സന്ദര്‍ശനം നീണ്ടു. അടച്ചിട്ട മുറിയിലായിരുന്നു സംഭാഷണം.


എന്നാല്‍ ശിക്ഷയില്‍ ഇളവുവേണമെന്ന് നിര്‍ബന്ധമില്ലെന്ന് ആര്‍.ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ സന്ദര്‍ശനശേഷം പ്രതികരിച്ചു. സര്‍ക്കാരില്‍നിന്ന് നീതി കിട്ടിയിട്ടില്ലെന്ന് എനിക്ക് അഭിപ്രായമില്ല.
നീതി കിട്ടേണ്ടിയിരുന്നത് കോടതിയില്‍ നിന്നാണ്. അത് കിട്ടിയില്ല.