കോക്ലിയര്‍ പദ്ധതി രണ്ടാഴ്ചക്കകം

തിരുവനന്തപുരം: ബധിരരായ കുട്ടികള്‍ക്ക് ശസ്ത്രക്രിയയിലൂടെ കേള്‍വിശേഷി
ലഭിക്കുന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ രണ്ടാഴ്ചക്കുള്ളില്‍ നടപ്പാക്കാന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.
ഇതിനായി 12 അംഗ സമിതി രൂപവത്കരിക്കും.
ഡോക്ടര്‍മാരുടെ ആറ് പ്രതിനിധികളും സര്‍ക്കാരിന്റെ നാല് പ്രതിനിധികളും
സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ ഒരു പ്രതിനിധിയും ബെന്നി ബഹനാന്‍
എം.എല്‍.എയും ഉള്‍പ്പെടുന്നതാണ് സമിതി.
പദ്ധതി എങ്ങനെ നടപ്പാക്കണം എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍
തയ്യാറാക്കാന്‍ യോഗം ഇവരെ ചുമതലപ്പെടുത്തി. വൈകല്യമുള്ള കുട്ടികളെ
കണ്ടെത്തുക, അവരുടെ ഓപ്പറേഷന്‍ നടത്തുക, അവരെ പുനരധിവസിപ്പിക്കുക
എന്നിവയുടെ വിശദാംശങ്ങളാണ് തയ്യാറാക്കേണ്ടത്. എല്ലാ മെഡിക്കല്‍
കോളേജുകളിലും ജില്ലാ ആസ്പത്രികളിലും ഓഡിയോ ടെസ്റ്റിനുള്ള സംവിധാനം
ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നടപ്പാക്കാന്‍
പോകുന്ന സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി കോക്ലിയര്‍ പദ്ധതി
സംയോജിപ്പിക്കും. എന്നാല്‍ കുട്ടികളുടെ ഓപ്പറേഷന്‍ മൂന്ന് വയസ്സിനുള്ളില്‍
അടിയന്തരമായി ചെയ്യേണ്ട കാര്യമായതിനാല്‍ ആരോഗ്യപദ്ധതി നടപ്പാക്കുംവരെ
കോക്ലിയര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയില്ലെന്ന്
മുഖ്യമന്ത്രി അറിയിച്ചു.
ഇത്തരമൊരു സംരംഭം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന ഗായകന്‍
കെ.ജെ.യേശുദാസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നമ്മുടെ സൗഭാഗ്യം
മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള പദ്ധതിയാണിതെന്ന് യേശുദാസ്
ചൂണ്ടിക്കാട്ടി.
മന്ത്രിമാരായ കെ.എം.മാണി, കെ.ബാബു, അടൂര്‍ പ്രകാശ്, എം.കെ.മുനീര്‍, ബെന്നി
ബഹനാന്‍ എം.എല്‍.എ, ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.