UDF

2012, ഏപ്രിൽ 12, വ്യാഴാഴ്‌ച

കാന്‍സര്‍ രോഗികളുടെ പെന്‍ഷന് വരുമാനപരിധി ഉയര്‍ത്തി

കാന്‍സര്‍ രോഗികളുടെ പെന്‍ഷന് വരുമാനപരിധി ഉയര്‍ത്തി 

 

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വരുമാന പരിധി മൂന്ന് ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസം 525 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സ നടത്തുന്നവര്‍ക്കും ബാധകമാക്കിയിട്ടുണ്ട്.

ഐ.എച്ച്.ആര്‍.ഡിയുടെ ഭാഗമായി തുടങ്ങാനിരിന്ന ഐ.സി.ടി അക്കാദമിയെ കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ കീഴിലാക്കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് ഐ.എച്ച്.ആര്‍.ഡി. ഐ.ടി. ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡ് ഐ.ടി വകുപ്പിന്റെ കീഴിലാണ്. മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ ഐ.സി.ടി അക്കാദമിയുടെ ഡയറക്ടറാകുന്നതുമായി ബന്ധപ്പെട്ട് വന്‍ വിവാദമുയര്‍ന്നിരുന്നു.

പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ എത്രയും വേഗം ലേലം ചെയ്ത് വില്‍ക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. വിലനിര്‍ണയം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയിട്ടുണ്ട്. യുവജനക്ഷേമകാര്യ വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സെക്ഷന്‍ അനുവദിക്കും. മലയോര വികസന ഏജന്‍സിയുടെ സ്‌പെഷ്യല്‍ ഓഫീസറായി ജോയിന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ എ.സ്റ്റാന്‍ലിയെ നിയമിച്ചിട്ടുണ്ട്. 

മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളില്‍ വിദേശ സഹായത്തോടെ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിക്ക് 1.48 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെന്‍ഡര്‍ തുക കൂട്ടിനല്‍കാത്തതിനാല്‍ വിദേശ സഹായം നഷ്ടമാകുന്ന അവസ്ഥയുണ്ടെന്നും വിദേശ ഏജന്‍സികള്‍ക്ക് പിഴ നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തുക നല്‍കുന്നത്. 

കൊല്ലം തുറമുഖ വികസന പദ്ധതിക്കായുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. 165 കോടി രൂപ ചെലവുവരുന്ന പദ്ധതി റിപ്പോര്‍ട്ടിനാണ് മന്ത്രിസഭ അനുമതി നല്‍കിയിട്ടുള്ളത്. തിരുവനന്തപുരത്ത് ഐ.എച്ച്.ആര്‍.ഡി ആസ്ഥാന മന്ദിരം പണികഴിപ്പിക്കാന്‍ പേട്ട വില്ലേജില്‍ 50 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്. പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിന് 25 ലക്ഷം രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 

തീവണ്ടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹരിപ്പാട് സ്വദേശി സുള്‍ഫിക്കറിന് അഞ്ച് ലക്ഷം രൂപ ചികിത്സാ സഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.