UDF

2012, ഏപ്രിൽ 14, ശനിയാഴ്‌ച

2 മാസത്തിനുള്ളില്‍ സൗദി ജയിലില്‍നിന്ന്‌ നാട്ടിലെത്തിയത്‌ ആറു മലയാളികള്‍

2 മാസത്തിനുള്ളില്‍ സൗദി ജയിലില്‍നിന്ന്‌ നാട്ടിലെത്തിയത്‌ ആറു മലയാളികള്‍
 

 
 സംസ്‌ഥാന സര്‍ക്കാര്‍ പ്രവാസി സ്വപ്‌നസാഫല്യം പദ്ധതി ആരംഭിച്ചു രണ്ടു മാസത്തിനുള്ളില്‍ സൗദി അറേബ്യയിലെ ജയിലില്‍നിന്നു നാട്ടിലെത്തിയത്‌ ആറു മലയാളികള്‍. ഒടുവില്‍ നാട്ടിലെത്തിയതു പാലക്കാട്‌ പള്ളിപ്പുറം ചെറുകുന്നുമ്മല്‍ ബൈജുവാണ്‌. 

11 മാസം റിയാദിലെ മലസ ജയിലിലായിരുന്നു ബൈജു. ഏറ്റവുമാദ്യം നാട്ടില്‍ എത്തിയതാകട്ടെ കോട്ടയം സ്വദേശി ചാണ്ടിക്കുഞ്ഞും. ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണ്‌ ആദ്യ ഗുണഭോക്‌താവായി ചാണ്ടിക്കുഞ്ഞിനെ തെരഞ്ഞെടുത്തത്‌. ആറുമാസം മുമ്പു സൗദിയിലെത്തിയ ചാണ്ടിക്കുഞ്ഞിന്റെ രേഖകള്‍ കാണാതാവുകയായിരുന്നു.

ശിക്ഷാ കാലാവധി കഴിഞ്ഞും സൗദിയില്‍ ജയിലില്‍ കഴിയുന്നവരേയും രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ കുടുങ്ങിക്കിടക്കുന്നവരേയും നാട്ടിലെത്തിക്കാനാണു സംസ്‌ഥാന സര്‍ക്കാര്‍ പ്രവാസി സ്വപ്‌ന സാഫല്യം പദ്ധതി ആരംഭിച്ചത്‌. ഫെബ്രുവരി എട്ടിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണു പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌. 

സൗദിയിലെ പ്രമുഖ മലയാളി വ്യവസായ സംരംഭമായ ഐ.ടി.എല്‍. ആന്‍ഡ്‌ ഇറാം ഗ്രൂപ്പിന്റെ സഹകരണത്തോടെ നോര്‍ക്ക- റൂട്ട്‌സാണു പദ്ധതി നടപ്പാക്കുന്നത്‌. ഐ.ടി.എല്‍, ഇറാം ഗ്രൂപ്പാണു മടക്കയാത്രക്കുള്ള ടിക്കറ്റ്‌ നല്‍കുന്നത്‌. ജയിലില്‍ കഴിയുന്ന പ്രവാസികളുടെ വിവരങ്ങള്‍ ഗള്‍ഫ്‌ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ബന്ധപ്പെട്ട രാജ്യത്തെ അറിയിക്കാറില്ല. ബന്ധുക്കളും സംഘടനകളും ജനപ്രതിനിധികളും നല്‍കുന്ന വിവരമനുസരിച്ച്‌ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുന്നത്‌. 

യു.എ.ഇയിലും പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌. ഇതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കു ബജറ്റില്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.