UDF

2012, ഏപ്രിൽ 22, ഞായറാഴ്‌ച

കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പാക്കേജ് ഉടന്‍

കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പാക്കേജ് ഉടന്‍

 

'എമര്‍ജിങ് കേരള' പ്രചാരണത്തിന് തുടക്കം 
ന്യൂഡല്‍ഹി:കേരളത്തില്‍ വികസനത്തിനാവശ്യമായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന്, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പുതിയ പാക്കേജ് സര്‍ക്കാര്‍ ഉടനെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഭൂമിയുടെ ഉടമസ്ഥര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതായിരിക്കുമിതെന്ന് അദ്ദേഹം അറിയിച്ചു. ആഗോളനിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള 'എമര്‍ജിങ് കേരള' പ്രചാരണത്തിന്റെ ഉദ്ഘാടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ക്ഷണിക്കപ്പെട്ട പതിനാറോളം രാജ്യങ്ങളുടെ പ്രതിനിധികളും അന്താരാഷ്ട്രഏജന്‍സികളുടെയും വ്യാപാരദൗത്യങ്ങളുടെയും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.മുഖ്യമന്ത്രിയെക്കൂടാതെ, വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ്, പ്രധാനമന്ത്രിയുടെ ഉപദേശകന്‍ ടി.കെ.എ.നായര്‍, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.അബ്ദുറബ്ബ്, കെ.എം.മാണി, പി.ജെ.ജോസഫ് , കെ.സി.ജോസഫ് ,സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ചന്ദ്രശേഖര്‍ തുടങ്ങിയവരുംസംസാരിച്ചു. 

യു.ഡി.എഫ്.സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍പ്രഖ്യാപിച്ചതുപോലെ കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് പരമപ്രാധാന്യം കല്പിക്കുകയാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിനോദസഞ്ചാര ഐ.ടി., ആരോഗ്യം, കൃഷി , അഗ്രോപ്രോസസ്സിങ്, വിദ്യാഭ്യാസം, തുറമുഖങ്ങള്‍, ഹരിത ഊര്‍ജം തുടങ്ങി 26 മേഖലകളില്‍ നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നുണ്ട്. വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ മുഖേനയാണ് നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നത് എന്നതാണ് പ്രത്യേകത. സ്വകാര്യ-പൊതു പങ്കാളിത്തത്തിനാണ് ഊന്നല്‍ .കേരളത്തില്‍ സ്വകാര്യപങ്കാളിത്തത്തോടു കൂടിയ വികസനത്തിന് ഭാവിയില്ലെന്ന വാദത്തില്‍ കഴമ്പില്ല. കൊച്ചി വിമാനത്താവളം ഇതിന്റെ മികച്ച ഉദാഹരണമാണ്- ധനമന്ത്രി കെ.എം.മാണി ചൂണ്ടിക്കാട്ടി. 

വ്യവസായമേഖലകള്‍ സ്ഥാപിക്കാന്‍ നിക്ഷേപകരെ ക്ഷണിക്കുകയും അതിനുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുകയുംചെയ്യുമെന്ന് മാണി അറിയിച്ചു. ഹൈടെക് കൃഷിയിലും കേരളം നിക്ഷേപം തേടുന്നുണ്ട്. ബയോടെക്‌നോളജി പദ്ധതികള്‍, കേരളത്തില്‍ വരാന്‍ പോകുന്ന മൂന്ന് നെല്‍ ബയോ പാര്‍ക്കുകള്‍, മൂന്നു നാളികേരബയോപാര്‍ക്കുകള്‍ എന്നിവയ്ക്കാണ് നിക്ഷേപം തേടുന്നത്.
 
ഭൂമിലഭ്യത കേരളത്തിന്റെ വികസനത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. അതിനു വേണ്ടിയാണ് പാക്കേജ് തയ്യാറാക്കിയത്.ഭൂമി ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരമായി ഉയര്‍ന്ന വില നല്‍കാനും ഏറ്റെടുത്ത ഭൂമിയില്‍ വരുന്ന സംരംഭങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് തൊഴിലിലും കാര്യങ്ങളില്‍ മുന്‍ഗണന നല്‍കാനും പാക്കേജില്‍ വകുപ്പുണ്ടായിരിക്കും. 
കാനഡയുടെ പ്രതിനിധിയുമായി മുഖ്യമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങള്‍, ദക്ഷിണ പൂര്‍വേഷ്യ തുടങ്ങിയവ കേരളത്തില്‍ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.നിക്ഷേപകരെ കേരളത്തിലേക്ക് ക്ഷണിക്കുന്നത് രാഷ്ട്രീയമായ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ പ്രതിപക്ഷകക്ഷികളെയും ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കുകൊള്ളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
'എമര്‍ജിങ് കേരള'പ്രചാരണത്തിന്റെഭാഗമായി ഇക്കൊല്ലം സപ്തംബര്‍ 12 -14 ന്, കൊച്ചിയില്‍ ഒരു രാജ്യാന്തരസമ്മേളനവും നടത്താന്‍ ഉദ്ദേശിക്കുന്നു.