UDF

2012, ഏപ്രിൽ 22, ഞായറാഴ്‌ച

ഫയല്‍ നീക്കം അറിയാന്‍ സംവിധാനം കൊണ്ടുവരും

ഫയല്‍ നീക്കം അറിയാന്‍ സംവിധാനം കൊണ്ടുവരും

 

 


ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫയലുകളുടെ നീക്കം സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയുന്ന സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടി ജനങ്ങളോടുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധതയുടെ തുടര്‍ച്ചയാണ്. ഭരണത്തെ ജനങ്ങളോട് കൂടുതല്‍ അടുപ്പിക്കുക മാത്രമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള എക മാര്‍ഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്രാമസഭകളും സദ്ഭരണവും സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ദേശീയ സെമിനാറില്‍ കേരളത്തിലെ പുതിയ ജനാധിപത്യ പരീക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സും സംസ്ഥാന സര്‍ക്കാറും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

''ജനങ്ങളാണ് എക്കാലവും എന്റെ ശക്തി. അവര്‍ പ്രശംസിക്കുമ്പോള്‍ അത് എന്റെ പ്രതിബദ്ധത കൂട്ടുന്നു. അവര്‍ വിമര്‍ശിക്കുമ്പോള്‍ സ്വയം തിരുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നു.

ഭരണം ജനങ്ങള്‍ക്ക് വേണ്ടി ആയാല്‍ മാത്രം പോരാ, അത് അങ്ങനെയാണെന്ന് ജനങ്ങള്‍ക്ക് തോന്നുകയും വേണം.തന്റെ ഓഫീസിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാക്കിയത് ഭരണത്തില്‍ സുതാര്യത കൊണ്ടുവരാനുള്ള എളിയ ശ്രമത്തിന്റെ ഭാഗമായിരുന്നു'' -ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോയും ഡോ. സി.സി. തോമസും ചേര്‍ന്നെഴുതിയ 'എ ഗ്രേഷ്യസ് വോയ്‌സ്-ലൈഫ് ഓഫ് ഉമ്മന്‍ചാണ്ടി' എന്നപുസ്തകം കേന്ദ്രമന്ത്രിമാരായ ജയറാം രമേഷും ജയ്പാല്‍ റെഡ്ഡിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 'സൗണ്ട്‌ലസ് ആക്‌സസ്-കേരളാസ് ട്രിസ്റ്റ് വിത്ത് ഗവേണന്‍സ്' എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.

കേന്ദ്ര മന്ത്രിമാരായ ജയറാം രമേഷ് , എസ്. ജയ്പാല്‍ റെഡ്ഡി , സംസ്ഥാന ആസൂത്രണ- സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ്, സംസ്ഥാന ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ. എം ചന്ദ്രശേഖര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍സയന്‍സ് ചെയര്‍മാന്‍ ഡോ. ജോര്‍ജ് മാത്യു, പ്രൊഫ.എം.എ ഉമ്മന്‍ എന്നിവരും പ്രസംഗിച്ചു.