UDF

2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

ഭരണപരാജയത്തിന്റെ ഉത്തരവാദിത്തം ജീവനക്കാരുടെമേല്‍ കെട്ടിവയ്ക്കില്ല

ഭരണപരാജയത്തിന്റെ ഉത്തരവാദിത്തം ജീവനക്കാരുടെമേല്‍ കെട്ടിവയ്ക്കില്ല 

 



തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിനെപ്പോലെ ഭരണപരാജയത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഉദ്യോഗസ്ഥരുടെ മേല്‍ ചാരി രക്ഷപെടാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ 47-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവനക്കാരെക്കൊണ്ട് തീരുമാനം നടപ്പാക്കേണ്ട ഉത്തരവാദിത്തം ഭരണ നേതൃത്വത്തിനാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് പിറവത്ത് അനൂപ് ജേക്കബ്ബിന്റെ വിജയം. ജനങ്ങളുടെ ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാരിന് വിശ്വാസം നേടാനാകുന്നത്. അതിന് പങ്ക് വഹിക്കേണ്ടത് സര്‍ക്കാര്‍ ജീവനക്കാരും സെക്രട്ടേറിയറ്റ് ജീവനക്കാരുമാണ്. 

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയനടപടി ന്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആയുര്‍ദൈര്‍ഘ്യം ഏറെയുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ പ്രായം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണിവിടം. യുവാക്കളുടെ വിശ്വാസം നേടിമാത്രമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചത്. സെക്രട്ടേറിയറ്റ് ജീവനക്കാരിയായിരുന്ന ഇ.എന്‍.സുമതിയുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.