UDF

2012, ഏപ്രിൽ 12, വ്യാഴാഴ്‌ച

75 വയസ്സ് കഴിഞ്ഞ തടവുകാരുടെ മോചനം ഉടന്‍

75 വയസ്സ് കഴിഞ്ഞ തടവുകാരുടെ മോചനം ഉടന്‍ 

 


തിരുവനന്തപുരം: എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞ തടവുകാര്‍ ഉടന്‍ ജയില്‍ മോചിതരാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരക്കാര്‍ സമൂഹത്തിന് ദോഷംചെയ്യില്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ജയില്‍മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

ജയില്‍വകുപ്പ് സൗരോര്‍ജത്തിലേക്ക് മാറുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തടവുകാരുടെ മോചനത്തിന് സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തും.

ജയിലുകളില്‍ കഴിയുന്ന തടവുകാരോട് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാരിന്. ജയില്‍ ഉപദേശക ബോര്‍ഡ് ഉടന്‍ പുനഃസംഘടിപ്പിക്കും. സൗരോര്‍ജപദ്ധതി ഉള്‍പ്പെടെ ജയിലുകളില്‍ നടക്കുന്ന സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയിലുകളില്‍ നടക്കുന്ന സൗരോര്‍ജ പദ്ധതി പാരമ്പര്യേതര ഊര്‍ജപദ്ധതിയുടെ തുടക്കമാകും. ഈ വര്‍ഷം 10,000 വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. വീടൊന്നിന് രണ്ടുലക്ഷം രൂപ ചെലവ്‌വരും. മൂന്നില്‍ ഒരു ഭാഗം കേന്ദ്ര സര്‍ക്കാരും ഒരു ഭാഗം സംസ്ഥാന സര്‍ക്കാരും സബ്‌സിഡിയായി നല്‍കും. ഇതില്‍നിന്നും 10 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും. ഒരു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി ഒരു ലക്ഷം വീടുകളിലേക്ക് വ്യാപിപ്പിക്കും. ഇതുവഴി 100 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന് ആര്യാടന്‍ പറഞ്ഞു.

ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, ഡി.ഐ.ജിയുടെ ക്വാര്‍ട്ടേഴ്‌സ്, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ക്വാര്‍ട്ടേഴ്‌സ്, ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ്, അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ്, റസ്റ്റ്‌റൂം, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.