UDF

2012, ഏപ്രിൽ 18, ബുധനാഴ്‌ച

പോലീസ്സിന്റെ അംഗബലം വര്‍ഷംതോറും അഞ്ചുശതമാനം കൂട്ടും


പോലീസ്സിന്റെ അംഗബലം വര്‍ഷംതോറും അഞ്ചുശതമാനം കൂട്ടും

 

 


ആലപ്പുഴ:കേരളാ പോലീസ്സിന്റെ അംഗബലം വര്‍ഷംതോറും അഞ്ചുശതമാനംവീതം കൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ റോഡ് സെന്‍സ് അവബോധപരിപാടി 'ശുഭയാത്ര' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലീസും ജനങ്ങളും തമ്മിലുള്ള അനുപാതം 1:500 എന്നാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുംവരെ ഓരോവര്‍ഷവും അഞ്ചുശതമാനം വീതം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പോലീസ്സിന്റെ അംഗബലം പെട്ടെന്ന് വര്‍ധിപ്പിക്കുന്നതിന് സാമ്പത്തികം മാത്രമല്ല പരിശീലനസംവിധാനം ഇല്ലാത്തതും പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് കേരളത്തിന്റെ തനതുപദ്ധതിയാണ്. ആഭ്യന്തരസുരക്ഷയ്ക്കായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ കേരളത്തിന്റെ ഈ പദ്ധതി പ്രത്യേകശ്രദ്ധ പിടിച്ചുപറ്റി. എന്‍.സി.സി.യുടെ അച്ചടക്കവും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സേവന മനോഭാവവും ചേരുന്നതാണ് സ്റ്റുഡന്റ് കേഡറ്റ് പ്രോജക്ട്. വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്താനും ഇതുപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടനശേഷം വഴിയിലേക്കിറങ്ങിനിന്ന മുഖ്യമന്ത്രി ഹെല്‍മെറ്റില്ലാതെ പോയതിന് പോലീസ് പിടിച്ച പഴയങ്ങാടി സ്വദേശി സജീവ് എന്ന യുവാവിനോട് മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് ഉപദേശിച്ചു. തുടര്‍ന്ന് ഹെല്‍മെറ്റ് ധരിക്കാതെയും മദ്യപിച്ചും വാഹനമോടിക്കില്ലെന്ന് പ്രതിജ്ഞചൊല്ലിച്ച് ഒപ്പിടുവിച്ച് വാങ്ങി പദ്ധതിയുടെ പ്രവര്‍ത്തനത്തിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു.