UDF

2012, ഏപ്രിൽ 18, ബുധനാഴ്‌ച

തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിയ്ക്കണം

 

തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിയ്ക്കണം

Imageന്യൂഡല്‍ഹി: മത്സ്യതൊഴിലാളികള്‍ക്ക് നേരേയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തിരുവനന്തപുരത്തേയും കൊച്ചിയേയും മെഗാസിറ്റി പോലീസിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ആഭ്യന്തര സുരക്ഷ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുട സമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
 
ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടല്‍ക്കൊള്ളക്കാരുടെ ഭീഷണിയില്ലാത്ത പ്രദേശമായി പ്രഖ്യാപിക്കണം. ഇതുവഴി മത്സ്യതൊഴിലാളികള്‍ക്കു നേരെയുണ്ടാകുന്ന ആക്രമങ്ങള്‍ തടയാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള തീരത്തു ഈയിടെ മല്‍സ്യതൊഴിലാളികള്‍ക്കു നേരേയുണ്ടായതു പോലുള്ള ആക്രമങ്ങള്‍ തടയാന്‍ കേന്ദ്രം നടപടി സ്വീകരിക്കണം. സമുദ്രാതിര്‍ത്തി സംരക്ഷണത്തിനു കേന്ദ്രം കൂടുതല്‍ ശ്രദ്ധ നല്‍കണം. പുതുതായി തുടങ്ങിയ തീരദേശ പോലിസ് സ്റ്റേഷനുകള്‍ക്കു കേന്ദ്ര സഹായം ആവശ്യമാണ്.  സമുദ്രാതിര്‍ത്തിയില്‍ 30 കിലോമീറ്റര്‍വരെ മൊബൈല്‍ സേവനം ലഭ്യമാക്കുന്നതിന് ടെലികോം കമ്പനികള്‍ക്കു അനുമതി നല്‍കണം.  മത്സ്യ തൊഴിലാളികള്‍ക്കു ആധുനിക ആശയ വിനിമയോപകരണങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇപ്പോഴും തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതേസമയം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മൂലം 2011-ല്‍ സംസ്ഥാനത്തു ആരും കൊല്ലപ്പെട്ടിട്ടില്ല. സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങളാല്‍ ജനവിഭാഗങ്ങള്‍ക്കിടയിലുണ്ടാകാനിടയുള്ള അന്യതാ ബോധം ആഭ്യന്തര സുരക്ഷയ്ക്കു ഭീഷണിയാണ്. ജനാധിപത്യ പ്രകിയയിലോ ഭരണത്തില്‍ നിന്നോ തഴയപ്പെടുന്നതായി ഒരു വിഭാഗം ധരിച്ചാല്‍ അത് മൊത്തം സമൂഹത്തിനു ആപത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പോലിസ് സേനയെ കാര്യക്ഷമമാക്കുന്നതിന് കേന്ദ്രത്തിന്റെ ഉദാര സഹായം അത്യാവശ്യമാണ്. ദുര്‍ബലര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കേരളം അതിവ ഗൗരവത്തോടെയാണ് കേരളം പരിഗണിക്കുന്നത്. മനുഷ്യക്കടത്ത് തടയുന്നതിന് എല്ലാ നഗരങ്ങളിലും പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനു നടപടികള്‍ സ്വീകരിച്ചു വരുന്നു. വിവിധ പേരുകളിലുള്ള നിക്ഷേപ തട്ടിപ്പുകള്‍ തടയാന്‍ പുതിയ നിയമം കൊണ്ടുവരുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഓരോ വര്‍ഷവും പോലീസിന്റെ അംഗബലം സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കും. 500 പേര്‍ക്ക് ഒരു പേലീസ് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  ഇതിനു കേന്ദ്രസര്‍ക്കാരിന്റെ സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തിക വര്‍ഷം 100 പോലീസ് സ്‌റ്റേഷനുകള്‍ കൂടി ആരംഭിക്കും.  കേരളത്തിന് ഇന്ത്യന്‍ റിസര്‍വ്വ് പോലീസിന്റെ ഒരു ബറ്റാലിയന്‍ കൂടി അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.