തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന നിയമം അടുത്ത മാസം

കൊച്ചി: മദ്യഷാപ്പുകള്‍ക്ക് അനുമതിക്കുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ ഇതിനുള്ള നിയമം കൊണ്ടുവരാന്‍ വിചാരിച്ചതാണ്. എന്നാല്‍ ബജറ്റ് മാത്രം ചര്‍ച്ച ചെയ്ത് സഭ പിരിയേണ്ടി വന്നു. മെയ് മാസത്തില്‍ നിയമനിര്‍മ്മാണത്തിന് മാത്രമായി ചേരുന്ന സഭാ സമ്മേളനത്തില്‍ ഈ നിയമം പാസാക്കും. ഏ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഈ നിയമം നടപ്പാക്കിയിരുന്നതാണ്. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാര്‍ അത് റദ്ദാക്കി . വീണ്ടും നിയമം നിര്‍മ്മിക്കാനുള്ള അധികാരം യു.ഡി.എഫ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു. എറണാകളം കച്ചേരിപ്പടിയില്‍ എക്‌സൈസ് ഓഫീസ് കോംപ്ലക്‌സിന് ശിലയിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചുകഴിഞ്ഞു. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നത് അടുത്ത സാമ്പത്തികവര്‍ഷം നിര്‍ത്തും. 2013 ഏപ്രില്‍ ഒന്നുമുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് കൊടുക്കുകയുള്ളു. യു. ഡി. എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയ ബീവറേജ് ഷോപ്പുകളൊന്നും അനുവദിച്ചിട്ടില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ഒരെണ്ണം അനുവദിക്കേണ്ടി വന്നാല്‍ മറ്റെവിടെയെങ്കിലും ഒരെണ്ണം നിര്‍ത്തും. 7000 കോടിയാണ് മദ്യ വില്പനയിലൂടെ സര്‍ക്കാരിന് ലഭിക്കുന്നത്. ഈ പണം കിട്ടാന്‍ വേണ്ടിയല്ല മദ്യം നിരോധിക്കാത്തത്. മദ്യാസക്തി കുറക്കാതെ മദ്യനിരോധനം നടപ്പാക്കിയാല്‍ വന്‍ ഭവിഷ്യത്തുകള്‍ക്ക് വഴിവെക്കും. മദ്യാസക്തി കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ബോധവല്‍ക്കരണത്തിനായി രണ്ട് കോടി അനുവദിച്ചിട്ടുണ്ട്. അത് ഫലപ്രദമായി ഉപയോഗിച്ചുകഴിഞ്ഞാല്‍ എത്ര കോടി വേണമെങ്കിലും അനുവദിക്കും-ഉമ്മന്‍ചാണ്ടി പറഞ്ഞു.
മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുന്നതിന് കോടതികള്‍ തടസ്സം നില്‍ക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോടതി വിധിയെക്കുറിച്ചും തനിക്ക് എതിരഭിപ്രായമില്ല. എന്നാല്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കണമെന്ന് പറയുന്നത് വേദനാജനകമാണ്-മന്ത്രി പറഞ്ഞു