UDF

2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

മതമേധാവിത്വമെന്നു പറയുന്നവര്‍ സര്‍ക്കാരിനെ വിലയിരുത്തണം

മതമേധാവിത്വമെന്നു പറയുന്നവര്‍ സര്‍ക്കാരിനെ വിലയിരുത്തണം

തന്റെ  മന്ത്രിസഭയില്‍ ക്രിസ്ത്യന്‍, മുസ്‌ലിം മേധാവിത്വമാണെന്ന് ആരോപിക്കുന്നവര്‍ക്കു  സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തി ഒരു സംഭവമെങ്കിലും ചൂണ്ടിക്കാട്ടാമോയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രവര്‍ത്തനം വച്ചാണു സര്‍ക്കാരിനെ വിലയിരുത്തേണ്ടത്. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ച് എല്ലാവരുമായും ചര്‍ച്ച ചെയ്തു രമ്യമായ പരിഹാരം ഉണ്ടാക്കുമെന്നും അതാണു യുഡിഎഫ് ശൈലിയെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു മുഖ്യമന്ത്രി പറഞ്ഞു. 

 

അഞ്ചാം മന്ത്രി പ്രശ്‌നം പുതിയതായി പൊട്ടിവീണതല്ല. നേരത്തെ തന്നെ അവര്‍ പറഞ്ഞതും ചര്‍ച്ച ചെയ്തതുമാണ്. യുഡിഎഫില്‍ ഔദ്യോഗികമായി പറഞ്ഞതു കഴിഞ്ഞ യോഗത്തിലാണെന്നു മാത്രം. അതിനു മുന്‍പു പല തലങ്ങളില്‍ അവര്‍ ഈ പ്രശ്‌നം ഉന്നയിച്ചിരുന്നു. ഇക്കാര്യം ആലോചിച്ചു പത്രക്കാര്‍ മനസ്സ് വിഷമിപ്പിക്കരുത്. എല്ലാവരെയും വിശ്വാസത്തിലെടുത്തു ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതാണു യുഡിഎഫ് ശൈലി. ആരുടെ മേലും തീരുമാനം അടിച്ചേല്‍പ്പിക്കില്ല. 

 

ലീഗും കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്തു രമ്യമായി പരിഹരിക്കും. കെപിസിസി എന്നതു ജനാധിപത്യ വേദിയാണ്. അവിടെ നടന്നതും നടക്കാത്തതുമായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. അവിടെ നടന്ന ചര്‍ച്ചയെക്കുറിച്ചു താന്‍ എന്തെങ്കിലും പറയുമെന്നു കരുതേണ്ടാ. യോഗം നടക്കുമ്പോള്‍ തന്നെ ടിവിയില്‍ ഫ്‌ളാഷ് വന്നിരുന്നു. നിങ്ങള്‍ക്കു ചില ആളുകളുണ്ടല്ലോ, യോഗത്തെക്കുറിച്ച് അവരോടു തന്നെ ചോദിക്കുക- മുഖ്യമന്ത്രി പറഞ്ഞു. 

 

അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ അഭിപ്രായം പറയാന്‍ എന്‍എസ്എസിന് അവകാശമുണ്ട്. അതു യുഡിഎഫ് കണക്കിലെടുത്തിട്ടുമുണ്ട്. തീരുമാനം ഹൈക്കമാന്‍ഡിനു വിട്ടത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലല്ല. സ്വന്തം അഭിപ്രായമുണ്ടെങ്കിലും ഹൈക്കമാന്‍ഡുമായി ആലോചിച്ചേ തീരുമാനിക്കാനാവൂ. ഇതു സ്വതന്ത്ര യൂണിറ്റ് അല്ല. ഹൈക്കമാന്‍ഡ് ആരാണെന്നു പറയേണ്ട കാര്യമില്ല. ഹൈക്കമാന്‍ഡ് എന്നതു കൊണ്ട് എന്താണോ നിങ്ങളുടെ മനസ്സിലുള്ളത് അവരുമായെല്ലാം ചര്‍ച്ച നടത്തും. 

 

ചര്‍ച്ച ചെയ്യാന്‍ പോകുമ്പോള്‍ തീരുമാനം എന്താകുമെന്നോ, സമയപരിധിയോ പറയാനാവില്ല. താന്‍ ശുഭാപ്തിവിശ്വാസിയാണ്. ഡല്‍ഹിയില്‍ നിന്ന് ഇന്നു തന്നെ മടങ്ങും. അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. പിറവത്തെ ജനങ്ങള്‍ യുഡിഎഫിനു വലിയ അംഗീകാരമാണു നല്‍കിയത്. ജനങ്ങളെ മറന്നൊരു പ്രവര്‍ത്തനം ഉണ്ടാവില്ല. നേരിയ ഭൂരിപക്ഷത്തിലാണു  10 മാസം സര്‍ക്കാര്‍ ഭരിച്ചത്. ജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നത്തില്‍ അഭിപ്രായവ്യത്യാസംമൂലം തീരുമാനം എടുക്കാതെ മാറ്റിവച്ചിട്ടുണ്ടോയെന്നു മുഖ്യമന്ത്രി ചോദിച്ചു. 

 

നെയ്യാറ്റിന്‍കരയില്‍ തിരഞ്ഞെടുപ്പ് വരുമ്പോഴേ സെല്‍വരാജിന്റെ കാര്യം ആലോചിക്കേണ്ടതുള്ളു. അവിടെ സെല്‍വരാജിന്റെയും മുഖ്യമന്ത്രിയുടെയും ഫ്‌ളെക്‌സുകള്‍ ഉയര്‍ന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍, അതെല്ലാം നശിപ്പിക്കണമെന്നതിനാല്‍ സിപിഎമ്മുകാര്‍ക്കു നല്ല പണിയായല്ലോ എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.