UDF

2012, ഏപ്രിൽ 29, ഞായറാഴ്‌ച

ആഭ്യന്തര കാര്‍ഷിക ഉത്പാദനത്തില്‍ സര്‍ക്കര്‍ പ്രത്യേക ശ്രദ്ധ ചെലുത്തും

ആഭ്യന്തര കാര്‍ഷിക ഉത്പാദനത്തില്‍ സര്‍ക്കര്‍ പ്രത്യേക ശ്രദ്ധ ചെലുത്തും: മുഖ്യമന്ത്രി
Imageതിരുവനന്തപുരം: ആഭ്യന്തര ഉത്പാദനത്തില്‍ കാര്‍ഷിക, വ്യാവസായിക മേഖലകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ആസൂത്രണബോര്‍ഡ് സംഘടിപ്പിച്ച
പ്രഭാഷണ പരമ്പര മസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിലവില്‍ ജി.എസ്.ഡി.പിയില്‍ സേവനമേഖല 69.7ശതമാനം നല്‍കുമ്പോള്‍ വ്യാവസായിക മേഖല 20.5 ശതമാനവും കാര്‍ഷിക മേഖല 9.8 ശതമാനവും സംഭാവനയാണ് നല്‍കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായേ തീരൂ. കാര്‍ഷിക രംഗത്ത് റബ്ബറുത്പാദനത്തില്‍ മാത്രമാണ് നമുക്ക് നേട്ടം കൈവരിക്കാനായത്. കേരളത്തിന്റെ സ്വന്തം ഉത്പന്നങ്ങളായ നെല്ലും നാളികേരവും നേട്ടങ്ങളുണ്ടാക്കിയില്ലെന്ന് മാത്രമല്ല പിന്നോട്ടടിക്കുകയും ചെയ്തു. മൂല്യവര്‍ധനവിലൂടെ നാളീകേരത്തിന് കൂടുതല്‍ വിപണി കണ്ടെത്തുന്നതിനെക്കുറിച്ച് മന്ത്രിസഭ രണ്ടു തവണ ചര്‍ച്ച ചെയ്തു. ആധുനിക കൃഷി രീതികളും മൂല്യവര്‍ധനവും ജൈവകൃഷിയും സംയോജിപ്പിച്ച് കാര്‍ഷികരംഗത്ത് മുന്നേറാമെന്നതാണ് സര്‍ക്കാരിന്റ സമീപനം.
 
ഇത് ബജറ്റില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍  എല്ലാ പഞ്ചായത്തിലുമൊരുക്കിയിട്ടുണ്ട്. എങ്കിലും പൂര്‍ണമായ പ്രയോജനം ലഭിച്ചിട്ടില്ല. കാര്‍ഷികമേഖലയ്ക്കു പുറമെ ഐ.ടി, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം മുതലായ മേഖലകളിലും കഴിയുന്നത്ര നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.