UDF

2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ഭൂമിദാനം സര്‍ക്കാരോ മന്ത്രിമാരോ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി

ഭൂമിദാനം സര്‍ക്കാരോ മന്ത്രിമാരോ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി

 

 




തിരുവനന്തപുരം: കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിദാനം സംബന്ധിച്ച സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് കൈക്കൊണ്ട തീരുമാനം യു.ഡി.എഫ്. സര്‍ക്കാരോ വിദ്യാഭ്യാസമന്ത്രിയോ മറ്റ് മന്ത്രിമാരോ അറിഞ്ഞുകൊണ്ടുള്ളതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് എന്ത് തീരുമാനിച്ചാലും സര്‍ക്കാരിന്റെ ഒരിഞ്ചുഭൂമി കൈമാറ്റം ചെയ്യണമെങ്കിലും സര്‍ക്കാര്‍ തീരുമാനിക്കണം. ഭൂമി നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാനാണ് കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നത്. ആ തീരുമാനം സിന്‍ഡിക്കേറ്റ്തന്നെ പിന്നീട് പിന്‍വലിച്ചു. സര്‍ക്കാരിന്റെ ഒരിഞ്ച് ഭൂമിയും സംസ്ഥാന താല്പര്യത്തിന് വിരുദ്ധമായി ആര്‍ക്കും നല്‍കില്ല.

ഈ കാര്യത്തില്‍ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഡോ.എം.കെ.മുനീറും ശക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലയുടെ ഭൂമി എടുത്തശേഷം അളക്കാന്‍ സമ്മതിക്കാത്ത കേസ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അത് പറഞ്ഞ് കലിക്കറ്റ് സര്‍വകലാശാലയിലെ ഇപ്പോഴത്തെ പ്രശ്‌നത്തെ താന്‍ ന്യായീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാലയുടെ ഭൂമി എടുത്തശേഷം അളക്കാന്‍പോലും അനുവദിക്കാത്ത കേസ് ഏതാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. മുമ്പ് എ. കെ. ജി. സെന്ററിന് കേരള സര്‍വകലാശാലയുടെ ഭൂമി അനുവദിച്ചതിനെ ഉദ്ദേശിച്ചായിരുന്നു ചോദ്യം. അത്തരമൊരു സംഭവമുണ്ടെങ്കില്‍ ഭൂമി അളക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത അല്ലേയെന്ന ചോദ്യത്തിന് വരട്ടെ നോക്കാമെന്നായിരുന്നു മറുപടി.

ഇക്കാര്യത്തില്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ സര്‍വകലാശാലയുടെ ഭൂമിയെടുത്തശേഷം അളക്കാന്‍പോലും അനുവദിക്കാത്ത കേസ് ഏതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരറിവുമില്ല. ഇതുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.

കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് ജലം എന്ന കേരളത്തിന്റെ നിലപാടിനെ നിഷ്പക്ഷമതികള്‍ അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡീസല്‍വില നിയന്ത്രണം എടുത്തുകളയാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് കേരള സര്‍ക്കാരിന് യോജിപ്പില്ല. പെട്രോള്‍വില നിയന്ത്രണം എടുത്തുകളഞ്ഞ നടപടിയോടും തനിക്ക് യോജിപ്പില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.