UDF

2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

പൊലീസുകാര്‍ക്ക് ശമ്പളം എ.ടി.എം വഴി ലഭ്യമാക്കും


Imageതൃപ്പൂണിത്തുറ: പൊലീസ്  സേനാംഗങ്ങള്‍ക്ക് എ.ടി.എം. വഴി ശമ്പളം ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ധനകാര്യവകുപ്പുമായി ആലോചിച്ച് ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  തൃപ്പൂണിത്തുറ എ.ആര്‍.ക്യാമ്പില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍ഫോപാര്‍ക്കില്‍ ഒരു പുതിയ  പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തില്‍ ഐ.ടി.യുംുടെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ഇന്‍ഫോപാര്‍ക്കില്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് പുതിയ പൊലീസ് സ്റ്റേഷന്‍ അനുവദിച്ചത്.എ.ആര്‍,ക്യാമ്പിനോടനുബന്ധിച്ചുള്ള ക്വാര്‍ട്ടേഴ്‌സിന്റെ ശോചനീയാവസ്ഥയ്ക്ക് പൂര്‍ണ്ണവിരാമവിട്ടുകൊണ്ട് 40  പുതിയ  ക്വാര്‍ട്ടേഴ്‌സ് ഫഌറ്റ് ആണ് പുതിയ കെട്ടിടത്തില്‍ നിര്‍മ്മിക്കുന്നത്. നിലവിലുള്ള തകര്‍ന്ന 22 ക്വാര്‍ട്ടേഴ്‌സുകള്‍ ഉടന്‍ തന്നെ പൊളിച്ചുമാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വലിയകാലതാമസം നേരിടുന്നത് നമ്മുടെ നാടിന്റെ ശാപമാണ്. സാധാരണ ആവശ്യമായിട്ടു വരുന്ന സമയത്തിന്റെ മൂന്നും നാലിരട്ടിയും അതിലധികം വരെയും സമയമെടുക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്.

ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ പൊലീസിന് സാധിക്കണം. അതിനുള്ള അന്തരീക്ഷവും അവസരവും എല്ലാ ഭാഗത്തുനിന്നുള്ള സഹകരണവും ഉണ്ടാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.പൊലീസിന്റെ പരിശീലന കാലഘട്ടം സര്‍വീസായി കണക്കാക്കി അതനുസരിച്ച് ശമ്പളം ലഭിക്കാനുള്ള തടസ്സങ്ങള്‍ നീങ്ങി അതിവേഗത്തിനു കിട്ടുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ അവസരമൊരുക്കണമെന്ന് മുഖ്യാതിഥിയായിരുന്ന  മന്ത്രി കെ.ബാബു പറഞ്ഞു. ചടങ്ങില്‍ മന്ത്രി ടി.എം.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹന്നാന്‍ എം.എല്‍.എ., കെ.എസ്. ജംഗ്പാംഗി ഐ.പി.എസ്,, പി. ചന്ദ്രശേഖരന്‍ ഐ.പി.എസ്, ഐ.ജി.ആര്‍. ശ്രീലേഖ, കമ്മീഷണര്‍ അജിത്കുമാര്‍, നഗരസഭാ ചെയര്‍മാന്‍ ആര്‍.വേണുഗോപാല്‍, നഗരസഭാ പ്രതിപക്ഷനേതാവ് സി,എന്‍. സുന്ദരന്‍, കൗണ്‍സിലര്‍ ടി.കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ചീഫ് എഞ്ചിനീയര്‍ കെ.ജി.പ്രതാപ്രാജ് റിപ്പോര്‍ട്ട്  അവതരിപ്പിച്ചു. രണ്ടരകോടി രൂപ ചിലവിട്ട് 3 നിലകളില്‍ പണിയുന്നതാണ് പുതിയ കെട്ടിടം.