UDF

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ആഘോഷങ്ങളിലല്ല; പ്രവൃത്തിയിലാണ് വിശ്വാസം

ആഘോഷങ്ങളിലല്ല; പ്രവൃത്തിയിലാണ് വിശ്വാസം 

തിരുവനന്തപുരം: ആഘോഷങ്ങളിലല്ല പ്രവൃത്തിയിലാണ് തന്റെ സര്‍ക്കാരിന് വിശ്വാസമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പ്രചാരണമല്ല റിസള്‍ട്ടാണ് വേണ്ടത്.

മന്ത്രിസഭയുടെ 100 ദിവസം പൂര്‍ത്തിയാകുന്നത് സംബന്ധിച്ച് യു.ഡി.എഫോ, കോണ്‍ഗ്രസ്സോ ആഘോഷങ്ങള്‍ സംഘടിപ്പിക്കാത്തതെന്തെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ''ഞങ്ങള്‍ക്ക് തെറ്റ് പറ്റിയാല്‍ ജനങ്ങളോട് തുറന്നുപറയും. അവര്‍ വിലയിരുത്തട്ടെ. ഗവണ്മെന്റിനെ വിലയിരുത്തേണ്ടത് ജനങ്ങളാണ്''-അദ്ദേഹം പറഞ്ഞു.

ഓണക്കാലത്ത് വിമാനക്കമ്പനികള്‍ ഗള്‍ഫ് മലയാളികളെ ചൂഷണംചെയ്ത് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചതിനെക്കുറിച്ച് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍കൊണ്ടുവരും. ഓണക്കാലത്ത് രണ്ടുദിവസം റെയില്‍വേ ജീവനക്കര്‍ നടത്തുന്ന മെല്ലെപ്പോക്ക് സമരംമൂലം ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രെയിന്‍ സൗകര്യം കുറവുള്ള സ്ഥലങ്ങളുടെ വിവരണം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സ്വാശ്രയ മെഡിക്കല്‍കോളേജുകളില്‍ ഫീസ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു രൂപയെങ്കിലും ഇത്തവണ കുറയണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടി സര്‍ക്കാരിന് ധാരണയിലെത്തേണ്ടതുണ്ട്. കഴിഞ്ഞ കുറെവര്‍ഷം ഈ രംഗത്ത് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഈ വര്‍ഷത്തെ പ്രവേശനം കഴിഞ്ഞാലുടന്‍ തന്നെ അടുത്ത വര്‍ഷത്തെ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കും. ഈ രംഗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ വളരെയധികം മുന്നോട്ടുപോയിക്കഴിഞ്ഞു. ഇവിടെ വിവാദങ്ങളാണ് തടസ്സമായി നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷ സഹകരണം തേടിയിട്ടുണ്ട്.