UDF

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

മരുന്നുകമ്പനികളുടെ ചൂഷണം അനുവദിക്കില്ല

മരുന്നുകമ്പനികളുടെ ചൂഷണം അനുവദിക്കില്ല








Imageമെഡി. സര്‍വീസ് കോര്‍പ്പറേഷന് കൂടുതല്‍ ഉത്തരവാദിത്വം

മരുന്നുകള്‍ക്ക് ഇഷ്ടം പോലെ വിലയീടാക്കുന്ന മരുന്നു കമ്പനികളുടെ ചൂഷണം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.



മരുന്നുകളുടെ വില സംബന്ധിച്ച് യാതൊരു
നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണുള്ളത്. ഇതിനെതിരെ വിവിധ തലങ്ങളില്‍ നിന്ന്
പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ നാലിന് മരുന്നു കമ്പനി
പ്രതിനിധികളുടെയും വിതരണക്കാരുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത്
പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. സാധാരണ ജനങ്ങള്‍ക്ക്
ആശ്വാസം ലഭിക്കുന്ന നടപടി സ്വീകരിക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം.
മരുന്നുകള്‍ക്ക് എത്രവില ഈടാക്കിയാലും ആരും ചോദിക്കാനില്ലെന്ന നിലപാട്
അംഗീകരിക്കാനാവില്ല. പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന സമീപനത്തോടും
സര്‍ക്കാരിന് യോജിപ്പില്ല. ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടി
വരുന്ന മരുന്നുകള്‍ ഏതൊക്കെയാണെന്ന് ഡോക്ടര്‍മാരുമായി കൂടിയാലോചിക്കും.
അത്തരം മരുന്നുകളെങ്കിലും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ന്യായമായ
വിലയ്ക്ക് ജനങ്ങള്‍ക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
 
ഒരേ
മരുന്നുതന്നെ രണ്ടും മൂന്നും നാലും ഇരട്ടി വിലയ്ക്ക് വില്‍ക്കുന്നുവെന്ന
വ്യാപകമായ പരാതികളാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്.
മരുന്നുകളായതിനാല്‍ എന്തുവിലയ്ക്കും രോഗികള്‍ വാങ്ങുമെന്ന ധാരണയാണ്
കമ്പനികള്‍ക്കുള്ളത്. ഈ നിലപാടിനെ ചൂഷണമായാണ് സര്‍ക്കാര്‍ കാണുന്നത്.
മരുന്നു കമ്പനികളെ നിയന്ത്രിക്കാന്‍ വ്യക്തമായ പദ്ധതികള്‍ മുന്‍കൂട്ടി
ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം
വിളിച്ചിരിക്കുന്നത്. നിലവിലുള്ള നിയമങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ടു
തന്നെ നിരവധി കാര്യങ്ങള്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയും. അവ നടക്കാതെ
വന്നാല്‍ മാത്രമേ മറ്റ് കാര്യങ്ങള്‍ ആലോചിക്കേണ്ടതുള്ളൂ. മെഡിക്കല്‍
സര്‍വീസ് കോര്‍പ്പറേഷന് കൂടുതല്‍ ഉത്തരവാദിത്വം നല്‍കിക്കൊണ്ടുള്ള
പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷന്റെ റോള്‍ കൂടുതല്‍
ഭംഗിയാക്കാന്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ആവശ്യമായ
സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.