UDF

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രസുരക്ഷ മുഖ്യമന്ത്രി നേരിട്ട് എത്തി പരിശോധിച്ചു

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രസുരക്ഷ മുഖ്യമന്ത്രി നേരിട്ട് എത്തി പരിശോധിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ അവലോകനം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ക്ഷേത്രപരിസരത്ത് നടന്നു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പടിഞ്ഞാറെ നടയില്‍ ക്ഷേത്രമതില്‍ക്കെട്ടിന്
പുറത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ഉന്നതതല അവലോകന യോഗം നടന്നത്.
ക്ഷേത്രത്തിന്റെ 'ബി' നിലവറ തുറക്കുന്നത് വിശ്വാസാചാരങ്ങള്‍
അനുസരിച്ചുവേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് യോഗത്തിന് ശേഷം
മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്
സുപ്രീം കോടതിയാണ്. നിലവറ തുറക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ
അഭിപ്രായം ആരാഞ്ഞാല്‍ കോടതിയെ ഇക്കാര്യം അറിയിക്കും.



ക്ഷേത്രത്തിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാക്രമീകരണങ്ങളില്‍
മുഖ്യമന്ത്രി തൃപ്തി രേഖപ്പെടുത്തി. രണ്ടുതരം സുരക്ഷയാണ് ക്ഷേത്രത്തിന്
വേണ്ടത്. അതിവേഗം നടപ്പിലാക്കേണ്ട സുരക്ഷാ സംവിധാനങ്ങള്‍ രണ്ടാഴ്ചക്കകം
പൂര്‍ത്തിയാക്കും. സ്ഥിരമായ സുരക്ഷ നവംബറിനുള്ളിലും നടപ്പാക്കുമെന്ന്
മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ക്ഷേത്രത്തിന് ഭീഷണിയൊന്നുമില്ലെന്നും
എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാകുന്നവിധം കുറ്റമറ്റരീതിയിലുള്ള
സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.



പടിഞ്ഞാറെനടയില്‍ നിന്ന് മതില്‍ക്കെട്ടിന് പുറത്തുകൂടി കാല്‍നടയായി
വടക്കേനടയിലെത്തിയാണ് അദ്ദേഹം ക്ഷേത്രസന്നിധി വിട്ടത്. മന്ത്രി വി.എസ്.
ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ. എന്നിവരും ഡി.ജി.പി. അടക്കമുള്ള
ഉന്നതതല പോലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.