UDF

2012, ജൂൺ 12, ചൊവ്വാഴ്ച

മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് സ്വീകാര്യമല്ല


 മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ ഇത് സംബന്ധിച്ച് മുന്‍ വൈദ്യുതമന്ത്രി കൂടിയായ എ.കെ. ബാലന്‍ നടത്തിയ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അതിരപ്പള്ളി പദ്ധതി വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും വ്യക്തമാക്കി. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ഒന്‍പത് നിര്‍ദേശങ്ങളിലുള്ള വിയോജിപ്പ് വ്യക്തമാക്കി ജനുവരി 31 ന് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കമ്മറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കമ്മറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ 1957 ന് മുന്‍പുള്ള പദ്ധതികള്‍ പോലും കേരളത്തിന് നഷ്ടമാകുമെന്ന് എ.കെ. ബാലന്‍ ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളും പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. ഇതോടെ ഭാവിയില്‍ ഇവിടെ യാതൊരു വികസന പ്രവര്‍ത്തനവും നടത്താന്‍ കഴിയാതെ വരും. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പ്രദേശം പരിസ്ഥിതി ദുര്‍ബലപ്രദേശം പോലുമല്ല. എന്നിട്ടും റിപ്പോര്‍ട്ടില്‍ ഇത്തരത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചീമേനി താപവൈദ്യുതി നിലയം അട്ടിമറിക്കാനാണ് ഇതെന്നും എ.കെ. ബാലന്‍ ആരോപിച്ചു. കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാനാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.