UDF

2012, ജൂൺ 30, ശനിയാഴ്‌ച

സീപ്ലെയിന്‍: സാദ്ധ്യതാപഠനം നടത്തും

സീപ്ലെയിന്‍: സാദ്ധ്യതാപഠനം നടത്തും 

 

തിരുവനന്തപുരം: കേരളത്തില്‍ 'സീപ്ലെയിന്‍' സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് സാധ്യതാപഠനം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 'പവന്‍ ഹന്‍സ്' എന്ന സ്ഥാപനമാണ് സാധ്യതാപഠനം നടത്തുക. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് പവന്‍ ഹന്‍സിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സാധ്യതാപഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കും.

സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് സന്നദ്ധത അറിയിച്ച് അഞ്ചു കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. താല്പര്യപ്പെടുന്ന എല്ലാ കമ്പനികള്‍ക്കും അനുമതി നല്‍കണമെന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നയം. 

എന്നാല്‍ പവന്‍ ഹന്‍സിന്റെ സാധ്യതാപഠനത്തിനുശേഷം കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെയും സിവില്‍ വ്യോമയാന വകുപ്പിന്റെയും അനുമതി ലഭിച്ച ശേഷമായിരിക്കും സീപ്ലെയിന്‍ സര്‍വീസ് നടത്തുന്നതിന് അര്‍ഹരായ കമ്പനികളെ തിരഞ്ഞെടുക്കുകയെന്നും യോഗത്തില്‍ വിശദീകരിക്കപ്പെട്ടു. മന്ത്രി എ.പി. അനില്‍കുമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.