UDF

2012, ജൂൺ 13, ബുധനാഴ്‌ച

അറസ്റ്റ്: സര്‍ക്കാര്‍ നയത്തിന്റെ ആദ്യ ഗുണഭോക്താവ് ജയചന്ദ്രന്‍

അറസ്റ്റ്: സര്‍ക്കാര്‍ നയത്തിന്റെ ആദ്യ ഗുണഭോക്താവ് ജയചന്ദ്രന്‍ -മുഖ്യമന്ത്രി


അറസ്റ്റ്: സര്‍ക്കാര്‍ നയത്തിന്റെ ആദ്യ ഗുണഭോക്താവ് ജയചന്ദ്രന്‍ -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പേര് വന്നാല്‍ വ്യക്തമായ അന്വേഷണം നടത്താതെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നത് സര്‍ക്കാര്‍ നയമാണെന്നും അതിന്റെ ആദ്യ ഗുണഭോക്താവ് പ്രതിപക്ഷ എം.എല്‍.എ കെ.കെ. ജയചന്ദ്രനാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എഫ്.ഐ.ആറില്‍ പ്രതിയാക്കിയാല്‍ അറസ്റ്റ് ചെയ്യണമെന്ന പ്രതിപക്ഷ നിലപാട് നടപ്പാക്കിയിരുന്നുവെങ്കില്‍ അഞ്ചേരി ബേബി വധക്കേസില്‍ ജൂണ്‍ നാലിന് ജയചന്ദ്രനെ അറസ്റ്റ് ചെയ്യണമായിരുന്നു. ജയചന്ദ്രന്റെ കാര്യത്തില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണം. എഫ്.ഐ.ആറില്‍ പേര് വന്ന പി.കെ. ബഷീറിനെ അറസ്റ്റ് ചെയ്യണമെന്ന പ്രതിപക്ഷ നിലപാട് മറ്റെന്തോ മറച്ചുപിടിക്കാനാണ്. കേസ് വഴിതെറ്റിക്കാന്‍ ശ്രമിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 ബഷീറിനെ കുറിച്ച് ദുര്‍ബലമായ പരാമര്‍ശമാണ് പ്രഥമവിവര സ്റ്റേറ്റ്മെന്റിലുള്ളത്. കൃത്യം നടക്കുമ്പോള്‍ ഒപ്പം നിന്ന് പ്രേരണ നല്‍കിയാല്‍ ഗൗരവമുള്ള വിഷയമാണ്. പണ്ട് എങ്ങോ പരോക്ഷ പ്രേരണ നല്‍കിയെന്നാണ് മൊഴി. ബഷീര്‍ ഭരണപക്ഷ എം.എല്‍.എ ആയതുകൊണ്ടല്ല, സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്യാതിരുന്നത്. പ്രഥമ വിവര സ്റ്റേറ്റ്മെന്റില്‍ പരാമര്‍ശം വന്നാല്‍ മറ്റുള്ളവരുടെ മൊഴി കൂടി എടുത്ത് കാര്യങ്ങള്‍ പരിശോധിച്ച് പ്രതിയെന്ന് ഉറപ്പു വരുത്തിയ ശേഷമാകും നടപടി. മൊഴികളുടെ അടിസ്ഥാനത്തില്‍ സി.എച്ച്. അശോകനെ വിളിച്ച് അഭിപ്രായം കേട്ട ശേഷമാണ് ടി.പി. വധക്കേസില്‍ അറസ്റ്റ് ചെയ്തത്.

 ഇടുക്കി കൊലപാതകങ്ങള്‍, ചന്ദ്രശേഖരന്‍ -ഷുക്കൂര്‍ വധക്കേസുകള്‍ എന്നിവയിലെല്ലാം ഇത്തരം സുതാര്യ നടപടിയാണ് സ്വീകരിക്കുക. ഈ വിഷയങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്നതിനാലാണ് പ്രതിപക്ഷം സ്പീക്കര്‍ക്ക് അനുവദിക്കാന്‍ കഴിയാത്ത സമയത്ത് നിയമസഭയില്‍ പ്രശ്നം ഉന്നയിക്കാന്‍ ശ്രമിച്ചത്.
ജൂണ്‍ മൂന്നിലെ പ്രസംഗത്തിന്റെ പേരിലാണ് ബഷീറിനെ ഇതിലേക്ക് കൊണ്ടുവന്നത്. രണ്ടാം തീയതിയാണ് കൊലക്ക് ഉപയോഗിച്ച വണ്ടി വാടകക്ക് എടുത്തത്. 2008ലെ പ്രസംഗവുമായി ഇതിനെ കൂട്ടിക്കുഴക്കാനും ശ്രമമുണ്ടായി. 2008ലേത് അടഞ്ഞ അധ്യായമാണ്. അദ്ദേഹത്തോട് ഇത് ആവര്‍ത്തിക്കരുതെന്ന് ലീഗ് നിര്‍ദേശിക്കുകയും ചെയ്തു. ഇരട്ടക്കൊലക്കേസില്‍ കുറ്റം ചെയ്ത ഒരാളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. ഫുട്ബാള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കം, മരിച്ച ആളുടെ സഹോദരന്‍ കൊലയാളി സംഘത്തില്‍ ഉണ്ടെന്ന സൂചന എന്നിവ പരിശോധിക്കും.

നിയമസഭയില്‍ എല്ലാ പരിധിയും വിട്ട പ്രവര്‍ത്തനമാണ് പ്രതിപക്ഷം നടത്തിയത്. ചോദ്യോത്തര വേളയില്‍ മറ്റുവിഷയങ്ങള്‍ സംസാരിക്കാന്‍ അവസരം നല്‍കാത്തത് വര്‍ഷങ്ങളായുളള കീഴ്വഴക്കമാണ്. ശൂന്യവേളയില്‍ പ്രതിപക്ഷ നേതാവിന് അവസരം നല്‍കിയിട്ടും അത് ഉപയോഗിക്കാതെ രണ്ടാം ദിവസവും സഭ സ്തംഭിപ്പിച്ചത് ജനാധിപത്യവിരുദ്ധമാണ്. സ്പീക്കറോട് പ്രതിപക്ഷം കൈക്കൊണ്ട നിലപാട് പ്രതിഷേധകരമാണ്. പ്രതിപക്ഷ നേതാവിന് കൊടുക്കാവുന്ന എല്ലാ മാന്യതയും സ്പീക്കര്‍ നല്‍കി. ഷുക്കൂര്‍ വധക്കേസിലെ പ്രതിയെ എം.എല്‍.എ ഹോസ്റ്റലില്‍ ഒളിപ്പിച്ചുവെന്ന ആരോപണം അത് ഉന്നയിച്ചവരോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ.പി. മോഹനന്‍ എന്നിവരും പങ്കെടുത്തു.