പീഡനത്തിനിരയായവര്‍ക്കായി അഞ്ച് പുനരധിവാസ കേന്ദ്രങ്ങള്‍: ഉമ്മന്‍ചാണ്ടി

കൊച്ചി: പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടേയും കുട്ടികളുടേയും പുനരധിവാസത്തിനായി സംസ്ഥാനത്ത് അഞ്ച് പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള 'നിര്‍ഭയ' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ നിയമ നടപടികളില്‍ താമസം നേരിടാറുണ്ട്. ഇത് ഒഴിവാക്കാന്‍ അതിവേഗ കോടതികള്‍ തുടങ്ങുന്ന കാര്യം ഹൈക്കോടതി നിര്‍ദേശമനുസരിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമത്തിന്റെ അപര്യാപ്തതയല്ല പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം, ആളുകളുടെ മനോഭാവമാണ് മാറേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമൂഹത്തില്‍ സുരക്ഷിതത്വ ബോധത്തോടെ കഴിയാനുള്ള സാഹചര്യം ഉറപ്പുവരുത്തും. നിയമത്തിന്റെ പിന്‍ബലത്തോടെയല്ല, കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരിക്കും ഇതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
നിര്‍ഭയ പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തില്‍ ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കും.
സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്ന സംസ്ഥാനമായി സാക്ഷര കേരളം മാറിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. ബാബു, ഹൈബി ഈഡന്‍ എം. എല്‍.എ., ഡി.ജി.പി. ജേക്കബ് പുന്നൂസ്, മേയര്‍ ടോണി ചമ്മണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പള്ളി, മല്ലിക സാരാഭായി, ലിഡ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.