പത്രസ്വാതന്ത്ര്യം നിഷേധിച്ചത് അടിയന്തരാവസ്ഥയില്‍ വന്ന പിഴവ് -ഉമ്മന്‍ചാണ്ടി

കൊച്ചി: പത്രസ്വാതന്ത്ര്യം നിഷേധിച്ചത് അടിയന്തരാവസ്ഥയില്‍ സംഭവിച്ച വലിയ പിഴവായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുമൂലം അന്നത്തെ പല തെറ്റുകളും ചോദ്യംചെയ്യപ്പെടാതെ പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം കേരളയുടെ പ്രഥമ സംസ്ഥാന സമ്മേളനം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറ്റ് ചെയ്യുന്നവരെ ചൂണ്ടിക്കാട്ടുക എന്ന മാധ്യമധര്‍മ്മത്തിന് ജനാധിപത്യത്തില്‍ പ്രാധാന്യമുണ്ട്. ഉദ്യോഗസ്ഥരെ കുറ്റംപറഞ്ഞ് മന്ത്രിമാര്‍ക്ക് ഒരു കാര്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളോടും സമൂഹത്തിനോടുമുള്ള ഉത്തരവാദിത്വങ്ങളാണ് മന്ത്രിമാര്‍ നിറവേറ്റേണ്ടത്. ഉദ്യോഗസ്ഥര്‍ക്കാണോ നിലവിലുള്ള ചട്ടങ്ങള്‍ക്കാണോ പ്രശ്‌നങ്ങളെന്ന് പരിശോധിച്ച് അവ തിരുത്താന്‍ മന്ത്രിമാര്‍ക്ക് കഴിയണം.
മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.