സിയാല്‍ ഏറ്റവും വലിയ വികസന മാതൃക-മുഖ്യമന്ത്രി

നെടുമ്പാശ്ശേരി: കേരളത്തിലെ ഏറ്റവും വലിയ വികസന മാതൃകയാണ് സിയാലെന്ന് (കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിയാല്‍ 14 കോടി മുടക്കി നിര്‍മിച്ച ട്രേഡ് ഫെയര്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വിജയങ്ങള്‍ അവകാശപ്പെടാന്‍ കഴിയുന്ന അധികം സ്ഥാപനങ്ങളില്ല. കുറഞ്ഞ മുതല്‍മുടക്കില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രാജ്യാന്തര വിമാനത്താവളം നിര്‍മിക്കാന്‍ സിയാലിനായി. ചുരുങ്ങിയ കാലംകൊണ്ട് ലാഭത്തിലുമെത്തി. മുതല്‍മുടക്കിന്‍മേലുള്ള ലാഭത്തിന്റെ തോത് കണക്കാക്കുമ്പോള്‍ ലോകത്തിലെ ഒന്നാംനിര വിമാനത്താവളങ്ങള്‍ക്കൊപ്പമാണ് സിയാലിന്റെ സ്ഥാനം.
സിയാലും ഹഡ്‌കോയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസനത്തിനായി നടപടി സ്വീകരിക്കും. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ. ബാബു അധ്യക്ഷനായി.