സ്മാര്‍ട്ട്‌സിറ്റി ഇന്ത്യക്കും ലോകത്തിനുമുള്ള സന്ദേശം -മുഖ്യമന്ത്രി

കൊച്ചി: സ്മാര്‍ട്ട്‌സിറ്റി പദ്ധതി ഇന്ത്യക്കും ലോകത്തിനുമുള്ള കേരളത്തിന്റെ സന്ദേശമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്മാര്‍ട്ട്‌സിറ്റി പവലിയന്റെ ഉദ്ഘാടനവും ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഐ.ടി. രംഗത്ത് കേരളം അര്‍ഹിക്കുന്ന മുന്നേറ്റത്തിന്റെ തുടക്കമാണിത്. ഐ.ടി.യില്‍ നമ്മുടെ സംസ്ഥാനമാണ് ഒന്നാം സ്ഥാനത്ത് വരേണ്ടിയിരുന്നത്. എന്നാല്‍, കര്‍ണാടകയാണ് ഇന്ന് മുന്നില്‍. കേരളം വളരെ പിന്നിലാണ്. ഇനി അതില്‍ പരിതപിച്ചിട്ട് കാര്യമില്ല. ഒരു ദിവസം പോലും നമുക്ക് പാഴാക്കാനില്ല. സര്‍ക്കാരും ടീകോമുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും.
അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പരിഗണന നല്‍കും. 40 കോടി ഇതിനായി ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 25 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് കൊച്ചി നഗരത്തിലേക്ക് നേരിട്ടൊരു പാത നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബ്രഹ്മപുരത്തെ മാലിന്യപ്രശ്‌നം അടിയന്തരമായി പരിഹരിക്കും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മാര്‍ജനത്തിനായി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.
കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാരും ടീകോമും സഫലമാക്കുമെന്ന് ടീകോം ഗ്രൂപ്പ് സി.ഇ.ഒ.യും സ്മാര്‍ട്ട്‌സിറ്റി വൈസ് ചെയര്‍മാനുമായ അബ്ദുള്ള ലത്തീഫ് അല്‍മുല്ല വ്യക്തമാക്കി. ആഗോള ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട്‌സിറ്റിയുടെ വളര്‍ച്ചയിലെ സുപ്രധാന ചുവടുവെപ്പാണ് പവലിയനെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
നോളജ്‌സിറ്റിയാവാന്‍ ഒരുങ്ങുന്ന കൊച്ചിയില്‍ ഈ പദ്ധതിയിലൂടെ രണ്ടുലക്ഷം പേര്‍ക്ക് ജോലി കിട്ടുമെന്ന് ധനകാര്യമന്ത്രി കെ.എം. മാണി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനം ആറുമാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ വികസനവും രണ്ടാം ഘട്ടവും അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കും. റോഡ് നാലുവരി പാതയാക്കണമെന്ന് ടീക്കോമിന്റെ നിര്‍ദേശമുണ്ട്. അതിന് സ്ഥലം ഏറ്റെടുക്കേണ്ടിവരും. രണ്ടാം ഘട്ടം നാലുവരിപ്പാത തന്നെ ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.