'ബ്ലാങ്ക് ചെക്ക്' രാഷ്ട്രീയത്തിനില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: 'ബ്ലാങ്ക് ചെക്ക്' രാഷ്ട്രീയത്തിന് തങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 'ഞങ്ങളുടെ ശക്തിയിലേ നില്‍ക്കുകയുള്ളൂ. വേറെ ഫിക്സഡ് ഡെപ്പോസിറ്റ് ആഗ്രഹിക്കുന്നില്ല'. വി.എസ് ഇടതുമുന്നണി വിട്ടുവന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തോട് കേസരി ജേണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി.എസുമായി ഒരു രഹസ്യ ബന്ധവുമില്ല. ബന്ധം പരസ്യമായിട്ടേയുള്ളൂ. ടി.പി വധവുമായി ബന്ധപ്പെട്ട് വി.എസ് തന്നെ വിളിച്ചിട്ടില്ല. വി.എസിനോട് സര്‍ക്കാര്‍ ഇപ്പോള്‍ മൃദുസമീപനത്തിലാണോ എന്ന് ചോദിച്ചപ്പോള്‍ എല്ലാവരോടും തനിക്ക് സൗഹൃദമാണെന്നായിരുന്നു മറുപടി. വിമര്‍ശിക്കുന്നവരോട് അതേ ഭാഷയില്‍ മറുപടി പറയില്ല. അരുണ്‍കുമാറിനെതിരായ കേസില്‍ മൃദുസമീപനമില്ല. ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണസ്വാതന്ത്രൃമുണ്ട്. തെളിവുണ്ടെങ്കില്‍ നടപടി വരും.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ വോട്ട് ചോര്‍ച്ച പ്രതീക്ഷിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇടതുമുന്നണി നാണംകെടും. യു.ഡി.എഫിന്റെ ഒരു വോട്ടും ചോരില്ല. ചാക്കിടല്‍ ഇല്ലെന്ന് പറയുന്നവര്‍തന്നെ രണ്ടാമത്തെ സ്ഥാനാര്‍ഥിയെ എന്തിന് നിര്‍ത്തിയെന്ന് വ്യക്തമാക്കണം. 67 വോട്ട് മാത്രമേ പ്രതിപക്ഷത്തിനുള്ളൂ. എന്നിട്ടും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് കുതിരക്കച്ചവടത്തിനാണ്. ഇടതുമുന്നണിയുടെ കപടമുഖം ഇതിലൂടെ പുറത്തുവന്നിരിക്കുകയാണ്. ശെല്‍വരാജ് എം.എല്‍.എ സ്ഥാനം രാജിവെച്ച് യു.ഡി.എഫില്‍ ചേര്‍ന്നപ്പോള്‍ കുതിരക്കച്ചവടം ആരോപിച്ചവരാണ് മറുപക്ഷത്തെ വോട്ട് പ്രതീക്ഷിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.