UDF

2012, ജൂൺ 10, ഞായറാഴ്‌ച

മാലിന്യസംസ്‌കരണ പദ്ധതികള്‍ ജനപിന്തുണയോടെ നടപ്പാക്കണം

മാലിന്യസംസ്‌കരണ പദ്ധതികള്‍ ജനപിന്തുണയോടെ നടപ്പാക്കണം -മുഖ്യമന്ത്രി

 



കൊച്ചി: നിലവിലുള്ള മാലിന്യസംസ്‌കരണ സാങ്കേതിക വിദ്യകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിയാണെന്നും അത് വീണ്ടെടുക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'മുനിസിപ്പല്‍ മാലിന്യ സംസ്‌കരണം -കേരളത്തിന്റെ മുന്നോട്ടുള്ള പാത' എന്ന വിഷയത്തില്‍ നടന്ന സെമിനാറിന്റെ സമാപന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യന്‍ വികസന ബാങ്ക്, ലോക ബാങ്ക്, കേന്ദ്ര ധനകാര്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍ എന്നിവ ചേര്‍ന്നാണ് സെമിനാര്‍ നടത്തിയത്.

മാലിന്യസംസ്‌കരണത്തില്‍ വിജയ മാതൃകകള്‍ നമുക്കില്ലാത്തത് പ്രശ്‌നമാണ്. പുതിയ സാങ്കേതിക വിദ്യയാണെന്ന് സര്‍ക്കാര്‍ പറഞ്ഞാലും ജനം വിശ്വസിക്കുന്നില്ല. കഴിഞ്ഞകാലങ്ങളിലെ അനുഭവം അതാണ്. വിശ്വാസ്യത നഷ്ടമായത് ഏറ്റവും വലിയ ബുദ്ധിമുട്ടായിട്ടുണ്ട്. പുതിയ സംസ്‌കരണ മാതൃകകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെകൂടെ പിന്തുണയോടെ വേണം നടപ്പാക്കാന്‍.

മാലിന്യ നിര്‍മാര്‍ജനത്തിന് പണം പ്രശ്‌നമല്ല. ബജറ്റില്‍ മാലിന്യ നിര്‍മാര്‍ജനത്തിനും മറ്റുമായി വലിയ തുക നീക്കിവച്ചിട്ടുണ്ട്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് നൂറ് ശതമാനം വരെയാണ് സര്‍ക്കാര്‍ സഹായമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി വേണു രാജമണി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, ഏഷ്യന്‍ വികസന ബാങ്ക് ഇന്ത്യ റസിഡന്റ് മിഷന്‍ കണ്‍ട്രി ഡയറക്ടര്‍ ഹന്‍ കിം, സൗത്ത് ഏഷ്യ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ജുവാന്‍ മിരാന്റ എന്നിവര്‍ പ്രസംഗിച്ചു.