ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം; പുതിയ തെളിവ് കിട്ടിയാല്‍ അന്വേഷിക്കാം: മുഖ്യമന്ത്രി
\

സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവായ എം.എം.മണി പഴയ സംഭവങ്ങളെക്കുറിച്ച് ആധികാരികമായി ചില വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കിയിലെ കൊലപാതക ക്കേസുകള്‍ പുനരന്വേഷിക്കുന്നത്. എന്നാല്‍ ഇത്തരം തെളിവുകളൊന്നും ബി.ജെ.പി.നേതാവായിരുന്ന ജയകൃഷ്ണന്‍മാസ്റ്ററുടെ വധക്കേസില്‍ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി.പി.ചന്ദ്രശേഖരന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താതിരുന്നത് അദ്ദേഹം വിസമ്മതിച്ചതുകൊണ്ടാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഒരു ഭീരുവിനെപ്പോലെ ജീവിക്കാന്‍ തയ്യാറല്ലെന്നായിരുന്നു ചന്ദ്രശേഖരന്‍ പറഞ്ഞത്. കേസുകളുടെ കാര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഒന്നും ചെയ്യില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും.
പാര്‍ട്ടി കൊടുക്കുന്ന ലിസ്റ്റനുസരിച്ച് പ്രതികളെ പിടിക്കുന്ന രീതി ഇനി നടപ്പില്ല. യഥാര്‍ഥ പ്രതികളെ തന്നെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ നയം. ചന്ദ്രശേഖരന്‍ വധത്തില്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരടക്കമുള്ള പ്രതികളെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഇതുകൊണ്ടാണ് അന്വേഷണം നീളുന്നതും. ഒരു ഭീഷണിക്കും സര്‍ക്കാര്‍ വഴങ്ങില്ല. ജയിലനകത്തെ രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോ എടുത്തുമാറ്റുന്നതിന് നിയമനിര്‍മാണത്തിന്റെ ആവശ്യമില്ല. ഇക്കാര്യത്തില്‍ യുക്തമായ തീരുമാനം ഉടനുണ്ടാകും-മുഖ്യമന്ത്രി പറഞ്ഞു.