UDF

2012, ഏപ്രിൽ 29, ഞായറാഴ്‌ച

കുടിവെള്ളടാങ്കറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക്

കുടിവെള്ളടാങ്കറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക്: മുഖ്യമന്ത്രി
Image
തിരുവനന്തപുരം: കുടിവെള്ളം കൊണ്ടുപോകുന്ന ടാങ്കറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള  അധികാരം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് ഉടന്‍ ഉത്തരവ് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും മഴക്കാലത്തിനു മുമ്പ് നടത്തേണ്ട ശുചീകരണപ്രവര്‍ത്തനങ്ങളെ കുറിച്ചും വിലയിരുത്താന്‍ വിളിച്ചുച്ചേര്‍ത്ത വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മഴക്കാലത്തെ പകര്‍ച്ച വ്യാധികള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍, വിവിധ വകുപ്പിലെ ഉദ്ദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. പരിസര ശുചിത്വം, മാലിന്യ നിര്‍മ്മാര്‍ജനം, കുടിവെള്ളത്തിന്റെ ശുദ്ധത തുടങ്ങിയ കാര്യങ്ങളില്‍ വിവിധ വകുപ്പുകളും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം.
 
ഹോട്ടലുകളിലെ ഭക്ഷ്യവസ്തുകളുടെ ഗുണനിലവാര പരിശോധ കര്‍ശനമാക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കും. ജലത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തണം. മലിനമായ ജലം കുടിക്കരുതെന്ന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ അവരുടെ പരിധിയിലെ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. പകര്‍ച്ചാവ്യാധി, ശുചികരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് മെയ് രണ്ടിന് സംസ്ഥാനതല ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ആരോഗ്യം, പഞ്ചായത്ത്, നഗരകാര്യം, ജലവിഭവം, കൃഷി, വിദ്യാഭ്യാസം, തുടങ്ങി വിവിധ വകുപ്പുകളിലെ മന്ത്രിമാരും വകുപ്പുതല ഉദ്ദ്യോഗസ്ഥരും പങ്കെടുക്കും. ഇതിന് പുറമെ ത്രിതലപഞ്ചായത്തുകളെ പങ്കെടുപ്പിച്ച് ജില്ലാതലത്തില്‍ മെയ് അഞ്ച്, ആറ്, ഏട്ട് തീയതികളില്‍ ജില്ലാതല ചര്‍ച്ചകളും നടത്തും.
 
എറണാകുളം ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എറണാകുളത്തുവച്ച് ജില്ലയുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആരോഗ്യമന്ത്രി, ജലവിഭവ മന്ത്രി, മറ്റു വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കുന്ന പ്രത്യേകയോഗം മെയ് ഏഴിന് ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.