UDF

2012, ഏപ്രിൽ 25, ബുധനാഴ്‌ച

പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും

പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും

 




തിരുവനന്തപുരം: ഫണ്ട് വിനിയോഗത്തിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പഞ്ചായത്ത് ദിനാഘോഷവും സ്വരാജ് ട്രോഫി വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയന്ത്രണങ്ങളില്ലാതെ ചെലവഴിക്കാന്‍ പഞ്ചായത്തുകള്‍ക്ക് ഇപ്പോള്‍ പദ്ധതി വിഹിതത്തിന്റെ 20 ശതമാനം നല്‍കുന്നുണ്ട്. ഇത് കാര്യക്ഷമമായി ഉപയോഗിച്ചാല്‍ കൂടുതല്‍ തുക നല്‍കുന്ന കാര്യം പരിഗണിക്കും. പദ്ധതി വിഹിതം ചെലവഴിക്കുന്നതിലുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ ഓരോന്നും പരിഹരിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം 95 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഇ-ഗവേണിങ് സിസ്റ്റം പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കണമെന്ന് മന്ത്രി കെ.എം.മാണി അഭിപ്രായപ്പെട്ടു. പോസ്റ്റ് ഓഫീസ് വഴി വസ്തു നികുതി സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഈ വര്‍ഷം 3000 ഗ്രീന്‍ഹൗസുകള്‍ സ്ഥാപിക്കുമെന്ന് മാണി പറഞ്ഞു. പഞ്ചായത്തുകള്‍ ഇതിന് മുന്‍കൈയെടുക്കണം.

ശുചിത്വഗ്രാമം, ഹരിതഗ്രാമം പദ്ധതിയുടെ ലോഗോ മന്ത്രി വി.എസ്.ശിവകുമാര്‍ പ്രകാശനം ചെയ്തു. മഴക്കാലത്തിനു മുന്‍പ് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 27ന് യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. 'പഞ്ചായത്തീരാജ്' മാസികയുടെ പ്രത്യേക പതിപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ പ്രകാശനം ചെയ്തു. അവതരണഗാന സി.ഡി മഞ്ഞളാംകുഴി അലി പ്രകാശനം ചെയ്തു. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭകോശി, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. മാത്യു, ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി എന്നിവര്‍ പ്രസംഗിച്ചു. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫികള്‍ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ വിതരണം ചെയ്തു.